തിരുവനന്തപുരം: ആരോഗ്യ വിനോദസഞ്ചാര മേഖലയില്‍ കേരളത്തെ മുന്‍നിരയിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി ഒരുക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
കേരള ടൂറിസത്തിന്റെ വിദേശരാജ്യങ്ങളിലെ പ്രചാരണ പരിപാടികളില്‍ ആരോഗ്യ ടൂറിസത്തിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
രാജ്യാന്തര നിലവാരമുള്ള ചികില്‍സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന സ്ഥലം എന്ന നിലയ്ക്കു കേരളത്തിനു വലിയ സാധ്യതകളുണ്ട്.
സര്‍ക്കാരിന്റെ പുതിയ ടൂറിസം നയത്തില്‍ ആരോഗ്യ ടൂറിസത്തിനു പ്രധാന പരിഗണനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ പരിപാലനത്തിനായി ഇന്ത്യയിലെത്തുന്ന വിദേശികളില്‍ 5% മാത്രമേ കേരളത്തിലെത്തുന്നുള്ളൂ. എല്ലാവരുടേയും സഹകരണമുണ്ടെങ്കില്‍ 2020ല്‍ ഇത് 8% ആക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദ മേഖലയുടെ വികസനത്തിനായി കേരളത്തില്‍ രാജ്യാന്തര ഗവേഷണസ്ഥാപനം തുടങ്ങുമെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ (കെഎസ്‌ഐഡിസി) നേതൃത്വത്തില്‍ രൂപീകരിക്കുന്ന മെഡിക്കല്‍ വാല്യു ട്രാവല്‍ സൊസൈറ്റി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ സ്വകാര്യ ചികില്‍സാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണു സൊസൈറ്റി രൂപീകരണം.
ഏറ്റവും കുറഞ്ഞ ചെലവില്‍ ലോകോത്തര ചികില്‍സ ലഭിക്കുന്ന കേന്ദ്രമായി കേരളത്തിനു വ്യാപക പ്രചാരണം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കും.
ഇതു സംബന്ധിച്ച നിയമാവലി തയാറായെന്നു കെഎസ്‌ഐഡിസി എംഡി: ഡോ. എം.ബീന പറഞ്ഞു.