ന്യൂഡല്‍ഹി: പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു. ഗരീബ് രഥ് ട്രെയിനുകള്‍ ഒന്നുകില്‍ ഘട്ടം ഘട്ടമായി പൂര്‍ണ്ണമാമായി നിര്‍ത്തലാക്കുകയോ അല്ലെങ്കില്‍ ഇവയെ മെയിലുകളോ എക്സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കത്ഗോദമില്‍ നിന്ന് ജമ്മുവിലേക്കും കാണ്‍പൂരിലേക്കുമുള്ള ഗരീബ് രഥ് സര്‍വീസുകള്‍ ഇതിനോടകം തന്നെ റെയില്‍വെ എക്സ്പ്രസ് സര്‍വീസുകളാക്കി മാറ്റി.
2006-ല്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരിക്കുമ്പോഴാണ് ഇടത്തരക്കാരെ ലക്ഷ്യമിട്ട് കുറഞ്ഞ ചിലവിലുള്ള എ.സി യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഗരീബ് രഥ് സര്‍വീസുകള്‍ ആരംഭിച്ചത്. നിലവില്‍ 26 ഗരീബ് രഥ് ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്.
ഡല്‍ഹിയില്‍ നിന്ന് ബാന്ദ്രയിലേക്കുള്ള ഗരീബ് രഥ് ട്രെയിന്‍ ടിക്കറ്റിന് 1050 രൂപയാണ് വില. അതേസമയം ഡല്‍ഹിയില്‍ നിന്ന് ബാന്ദ്രയിലേക്കുള്ള എക്സ്പ്രസ് ട്രെയിനുകള്‍ക്ക് 1600 രൂപ വരെയാണ് നിരക്ക്.
എന്നാല്‍ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.