തിരുവനന്തപുരം: ലോ അക്കാദമിക്കും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കും വേണ്ടി സര്‍ക്കാര്‍ നിലപാടിനെതിരെ മാധ്യമങ്ങളില്‍ രംഗത്ത് വരുന്ന നാഗരാജ് സര്‍ക്കാര്‍ അഭിഭാഷകന്‍.
സര്‍ക്കാറിന്റെ നയങ്ങളും നിലപാടുകളും അനുസരിക്കാന്‍ ചുമതലപ്പെട്ട സ്റ്റാന്റിംങ്ങ് കൗണ്‍സിലായും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിക്കുന്ന നാഗരാജ് ലോ അക്കാദമിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനൊപ്പം നിന്ന് സര്‍ക്കാറിന്റെയും ഇടത് മുന്നണിയുടെയും നയത്തിനെതിരെ പ്രവര്‍ത്തിച്ചതിനാല്‍ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യം മുന്നണിക്കുള്ളില്‍ ശക്തമായിട്ടുണ്ട്.
ലോ അക്കാദമി ട്രസ്റ്റിന്റെ സെക്രട്ടറി കൂടിയായ നാഗരാജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സഹോദരന്‍ കൂടിയാണ്. ഇടതു മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ സി പി ഐ ഭരിക്കുന്ന വനം വകുപ്പിലെ സ്‌പെഷ്യല്‍ പോസിക്യൂട്ടറാണിപ്പോള്‍ നാഗരാജ്.
പിതാവും ലോ അക്കാദമി ഡയറക്ടറുമായ നാരായണന്‍ നായര്‍ സി പി ഐക്കാരനായതിനാല്‍ ആ ‘ക്വാട്ട’യിലാവും നാഗരാജിനെ സര്‍ക്കാര്‍ അഭിഭാഷക പദവിയിലേക്ക് പരിഗണിച്ചിട്ടുണ്ടാകുക എന്നാണ് സി പി എം കേന്ദ്രങ്ങള്‍ പറയുന്നത്.
എസ്എഫ്‌ഐക്കൊപ്പം സി പി ഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫും യുവജന സംഘടനയായ എഐവൈഎഫും സമരരംഗത്ത് സജീവമായുള്ളതിനാല്‍ നാഗരാജിന്റെ നിലപാടിനെതിരെ ഇടത് സംഘടനകളിലെ പ്രതിഷേധം ശക്തമാണ്.
സര്‍ക്കാര്‍ അഭിഭാഷക പദവി ഒഴിഞ്ഞിട്ട് വേണമായിരുന്നു നാഗരാജ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടിയിരുന്നതെന്നാണ് ഇടത് സമരക്കാരുടെ പ്രതികരണം. സഹോദരിയെ ന്യായീകരിക്കാനുള്ള സഹോദരന്റെ കടമ സര്‍ക്കാര്‍ നല്‍കിയ പദവി വഹിച്ച് കൊണ്ട് നിര്‍വ്വഹിക്കരുതെന്നാണ് എസ്എഫ്‌ഐ നേതാക്കള്‍ ചൂണ്ടി കാണിക്കുന്നത്.
സമരം 20 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രശ്‌നത്തില്‍ കര്‍ശനമായി ഇടപെട്ടതും ജാതി പേര് വിളിച്ച് ആക്ഷേപിച്ചതിന് ലക്ഷ്മി നായര്‍ക്കെതിരെ കേസെടുപ്പിച്ചതും സമരക്കാരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇനി ലക്ഷ്മി നായര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലന്നും ഉടനെ രാജിയുണ്ടാവുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇടത് സംഘടനാ നേതൃത്വം.
അതേസമയം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി പീഢനത്തിനെതിരെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ നടത്തുന്ന നിരാഹാര സമരം ഇപ്പോഴും തുടരുകയാണ്. ഇന്ന് ഡോക്ടര്‍മാരെത്തി അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കുകയുണ്ടായി.