സംസ്ഥാനത്ത് വ്യാപകമായി ആന്റി ബോഡി ടെസ്റ്റ് നടത്താനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സമൂഹ വ്യാപനം കണ്ടെത്താന്‍ സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഐസിഎംആര്‍ വഴി 14,000 കിറ്റ് ലഭിച്ചു. ഇതില്‍ 10,000 എണ്ണം വിവിധ ജില്ലകള്‍ക്ക് നല്‍കി. 40,000 കിറ്റുകള്‍ മൂന്ന് ദിവസം കൊണ്ട് കിട്ടും എന്ന് അറിയിപ്പുണ്ട്.

ഒരാഴ്ച 15,000 വരെ ആന്റിബോഡി ടെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമായി 1,77,033 പേരാണ് ഇതുവരെ എത്തിയത്.

ഇതില്‍ 30,363 പേര്‍ വിദേശത്തുനിന്ന് എത്തിയതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,46,670 പേര്‍ വന്നു. ഇതില്‍ 93,783 പേര്‍ തീവ്രരോഗവ്യാപന മേഖലകളില്‍നിന്ന് വന്നതാണ്. അതായത് 63 ശതമാനം പേര്‍. റോഡ് വഴി 79 ശതമാനം പേരും റെയില്‍ വഴി 10.8 ശതമാനം ആളുകളും എത്തി. വിമാനം വഴി 9.49 ശതമാനവും.

Top