തിരുവനന്തപുരം: തുടര്‍ച്ചയായ നിയമനലംഘന നടത്തിയതിന് റോബിന്‍ ബസിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. പെര്‍മിറ്റ് ഉള്‍പ്പടെ റദ്ദാക്കാനുള്ള നടപടികളിലേക്ക് പോകാനാണ് ആലോചന. സര്‍ക്കാര്‍ നിയമപരമായിട്ടേ മുന്നോട്ട് പോകൂ. ഇതിനായുള്ള ആലോചനകള്‍ തുടങ്ങിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
ചില മുന്‍ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും റോബിന്‍ ചെയ്യുന്നത് ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. സര്‍ക്കാര്‍ ചെയ്യുന്നതാണ് തെറ്റെന്ന് പരസ്യമായി ജനങ്ങളോട് പറഞ്ഞപ്പോഴാണ് അവര്‍ ആശയക്കുഴപ്പത്തിലായത്. എന്നാല്‍ ഇത്തരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ വച്ചുകൊണ്ട് നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളുകള്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതിയുടെ വിധി എന്നും മന്ത്രി പറഞ്ഞു.
അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാരേജ് ആയി സര്‍വീസ് നടത്തുന്നത് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സ്റ്റേജ് കാരേജ് വാഹനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. റോബിന്‍ ബസ് ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കരുത്ത് പകരുന്നതായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.