Government reply-vs-administrarion-reforms-commission status

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി സെക്രട്ടേറിയറ്റ് അനക്‌സില്‍ ഇരുത്തുന്നത് അനൗചിത്യമെന്നു സര്‍ക്കാര്‍.

മുന്‍മുഖ്യമന്ത്രിയായതുകൊണ്ടാണു അനക്‌സിലല്ലാതെ മെച്ചപ്പെട്ട മറ്റൊരിടത്ത് ഓഫിസ് നല്‍കിയത്. വിഎസിന്റെ സൗകര്യം പരിഗണിച്ചാണ് ഐഎംജിയില്‍ ഓഫിസ് അനുവദിച്ചത്.

മന്ത്രിമാരുടേതിനു തുല്യമായ വീടും സൗകര്യങ്ങളും ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചീഫ് സെക്രട്ടറി ആശയവിനിമയത്തിനു തയാറായില്ലെന്നു വിഎസ് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

കമ്മീഷനെ സര്‍ക്കാര്‍ കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്നായിരുന്നു വിഎസിന്റെ പരാതി. ഓഫിസ് കാര്യങ്ങളിലടക്കം ആശയവിനിമയം നടക്കുന്നില്ലെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനു കത്തയച്ചിരുന്നു.

സെക്രട്ടേറിയറ്റിലോ അനക്‌സിലോ ഓഫിസ് അനുവദിക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ, കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.

തന്റെ സ്റ്റാഫിന്റെ അംഗബലവും മറ്റും സര്‍ക്കാര്‍ നിശ്ചയിക്കുന്നതിനു മുന്‍പു തന്നോട് ആലോചിച്ചില്ല എന്ന പ്രതിഷേധവും അച്യുതാനന്ദനുണ്ട്. മന്ത്രിമാര്‍ക്ക് 25 പേരെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയോഗിക്കാമെങ്കിലും ക്യാബിനറ്റ് പദവിയുള്ള വിഎസിനു 15 പേരെയാണു നിശ്ചയിച്ചത്.

ഓഫിസടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനു മെല്ലെപ്പോക്കാണെന്നാണു മറ്റൊരു പരാതി. സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ പദവി ഏറ്റെടുക്കാം എന്ന സമ്മതപത്രം നല്‍കിയതല്ലാതെ ഏറ്റെടുത്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നുമാണു വിഎസ് ഇന്നലെ അറിയിച്ചത്.

Top