ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും: കെ കെ ശൈലജ

k.k-shylaja

തിരുവനന്തപുരം : ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ. അവരുടെ ഉന്നമനത്തിനായി വലിയ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ രൂപീകരിച്ച് അവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുകയും സ്‌കില്‍ ഡെവലപ്മെന്റ് ട്രെയിനിംഗ് നല്‍കുകയും ചെയ്തതായും മന്ത്രി അറിയിച്ചു.

പലകാരണങ്ങളാല്‍ വിദ്യാഭ്യാസം നിലച്ചുപോയവരാണിവര്‍. അതിനാല്‍ തന്നെ സാക്ഷരതാ മിഷനുമായി ചേര്‍ന്ന് നാലാം തരം, ഏഴാം തരം, പത്താം തരം തുല്യത പരീക്ഷ നടത്തി വരുന്നു. മറ്റുള്ളവരെപ്പോലെ പഠിച്ച് ഉന്നതങ്ങളിലെത്തി തലയുയര്‍ത്തി നില്‍ക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ പരിശ്രമിക്കണം. ഇതിന് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ച സംസ്ഥാനതല ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം ‘വര്‍ണ്ണപ്പകിട്ട് 2019’ ചാല ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ മഴവില്ല് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം സംഘടിപ്പിച്ചത്. പല രക്ഷിതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് അംഗീകരിക്കാന്‍ മടിയാണ്. സര്‍ക്കാരിന്റെ നിരന്തര ഇടപെടലിലൂടെ ഇതിന് മാറ്റം വന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സംഘടനാ രംഗങ്ങളിലേക്ക് അവരെത്തണം.

കേരളത്തിന് പുറത്താണ് ഇപ്പോള്‍ സെക്സ് റീഅസൈന്‍മെന്റ് സര്‍ജറി നടത്തുന്നത്. ഇതില്‍ വലിയ ചൂഷണവും നടക്കുന്നുണ്ട്. അതിനാല്‍ മെഡിക്കല്‍ കോളേജുകള്‍ ട്രാന്‍സ്ജെന്‍ഡര്‍ സര്‍ജറി നടത്തുന്നതിന് സജ്ജമാക്കും. ഇതിന്റെ ആദ്യപടിയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക് തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top