പത്തനംതിട്ട: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ മറവില്‍ സര്‍ക്കാര്‍ തന്ത്രിയേയും കൊട്ടാരത്തേയും അപമാനിച്ചെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരയണവര്‍മ്മ. സന്തോഷം നല്‍കിയ തീര്‍ഥാടന കാലമല്ല കഴിഞ്ഞ് പോയതെന്നും സുപ്രീംകോടതി വിധി അന്തിമമല്ലെന്നും നാരായണ വര്‍മ്മ വ്യക്തമാക്കി.
അതേസമയം പ്രതിഷേധം ശക്തമാകുന്നതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ രേഷ്മ നിശാന്തിനേയും ഷാനിലയേയും പൊലീസ് മടക്കി അയക്കുകയായിരുന്നു.
നിലയ്ക്കലില്‍ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലില്‍ വച്ച് തന്നെ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരെയും കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ദര്‍ശനത്തിന് പോയേ തീരൂവെന്നു രണ്ടുപേരും പറഞ്ഞതിനെ തുടര്‍ന്ന് 6 മണിയോടെ ഇരുവരെയും പമ്പയിലേക്ക് കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പമ്പയിലേക്ക് പോകുന്നതിന് പകരം ഇരുവരെയും പൊലീസ് എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു.
അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ച പൊലീസ് വാക്ക് പാലിച്ചില്ലെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് ഇന്ന് ദര്‍ശനം സാധ്യമാക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു.
ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറപ്പിലാണ് യുവതികള്‍ മല കയറാനെത്തിയത്. പക്ഷെ പൊലീസ് പതിവ് നാടകം കളിക്കുന്നു. കൂടുതല്‍ യുവതികളുമായി ഇന്ന് മല കയറാന്‍ ശ്രമിക്കുമെന്നും കൂട്ടായ്മയുടെ സംഘാടകനായ ശ്രേയസ് പറഞ്ഞു.