കുമരകത്ത് ദിലീപ് ഭൂമി കയ്യേറിയെന്ന ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

e-chandrashekaran

കോട്ടയം: കുമരകത്ത് നടന്‍ ദിലീപ് ഭൂമി കയ്യേറിയെന്ന ആരോപണവും അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം.

ഇതു സംബന്ധിച്ചു അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം കളക്ടറോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു.

കുമരകത്ത് ദിലീപ് കയ്യേറി മറിച്ചുവിറ്റ ഭൂമി തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവ് റവന്യൂ വകുപ്പ് പൂഴ്ത്തിയതായി നേരത്തേ ആരോപണമുണ്ടായിരുന്നു.

ദിലീപ് സ്ഥലം കയ്യേറിയെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് സ്‌പെഷ്യല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലം അളക്കാന്‍ എത്തിയപ്പോള്‍ ഗുണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തിയെന്നും ആക്ഷപേമുണ്ട്.

കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലെ 190ാം സര്‍വേ നമ്പരില്‍ പുറമ്പോക്ക് ദിലീപ് കയ്യേറിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

2007ല്‍ സെന്റിന് 70000 രൂപയ്ക്ക് വാങ്ങിയ സ്ഥലം പിന്നീട് കയ്യേറ്റഭൂമിയും കൂടി ചേര്‍ത്ത് രണ്ടരയേക്കറാക്കി സെന്റിന് 4.8 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റുവെന്നാണ് പറയപ്പെടുന്നത്.

കയ്യേറ്റം ഒഴിപ്പിക്കുന്നതു തടഞ്ഞു ഹൈക്കോടതിയില്‍നിന്ന് ഇടക്കാല ഉത്തരവു വാങ്ങിയായിരുന്നു സ്ഥലം മറിച്ചുവിറ്റതെന്നും ആരോപണമുണ്ട്.

Top