തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകൾക്ക് തീരുമാനിക്കാം. മിക്‌സഡ് സ്‌കൂളുകളുടെ കാര്യത്തിലും സ്‌കൂളുകൾക്ക് തീരുമാനമെടുക്കാം. മിക്‌സഡ് ബെഞ്ച് ആലോചനയിൽ ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ ജെൻഡർ യൂണിഫോം അടിച്ചേൽപ്പിക്കാൻ പോകുന്നു എന്ന് ആരോപിച്ച് ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും പ്രതിഷേധിച്ചിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ യുക്തി ചിന്ത സർക്കാർ ചെലവിൽ നടപ്പാക്കുന്നു എന്ന് ലീഗ് എംഎൽഎ എൻ ഷംസുദ്ദീൻ സഭയിൽ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകൾക്ക് തീരുമാനിക്കാമെന്നും ജെൻഡർ യൂണിഫോം ഇവിടെ നിന്ന് നിർദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞത്. യൂണിഫോമിന്റെ കാര്യത്തിൽ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിദ്യാർഥികളല്ലേ യൂണിഫോം ധരിക്കുന്നത്. നാട്ടിലുള്ളവർ തീരുമാനിക്കേണ്ട കാര്യമാണിത്. ഇത് ഇവിടെ നിന്ന് ഉത്തരവിലൂടെ തീരുമാനിക്കേണ്ട കാര്യമല്ല എന്നും മന്ത്രി പറഞ്ഞു.
ലിംഗസമത്വത്തിന്റെ കാര്യത്തിൽ സർക്കാർ പിന്നോട്ടില്ല. ഈ സർക്കാർ വന്ന ശേഷമാണ് മിക്‌സ്ഡ് സ്‌കൂളുകൾ കൂടുതലായി വന്നതെന്നും മന്ത്രി പറഞ്ഞു.