ബ്ലൂ വെയില്‍ ഗെയിമിനെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബ്ലൂ വെയില്‍ ഗെയിമിനെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.

ബ്ലൂ വെയ്ല്‍ ചലഞ്ചിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ സേവനദാതാക്കളായ ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, മൈക്രോസോഫ്റ്റ്, യാഹു എന്നിവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ഗെയിമിന്റെ അതേ പേരിലോ സമാനമായ പേരിലോ ഉള്ള ലിങ്കുകള്‍ അടിയന്തരമായി ഒഴിവാക്കണെമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രോണിക് ആന്‍ഡ് ഐ ടി മന്ത്രാലയം ഓഗസ്റ്റ് പതിനൊന്നിനാണ് വിവിധ സേവനദാതാക്കള്‍ക്ക് കത്തയച്ചത്.

ഗെയിം കളിച്ച പല കുട്ടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആത്മഹത്യ ചെയ്യുകയും അതിന് ശ്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആത്മഹത്യാ ഗെയിം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്ലൂ വെയ്ല്‍ ചലഞ്ചില്‍, ഒരു അഡ്മിനിസ്‌ട്രേറ്ററാണ് കളി നിയന്ത്രിക്കുന്നത്.

കളിക്കുന്നയാള്‍ ഈ അഡ്മിനിസട്രേറ്ററുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം. അമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ചലഞ്ച് ഗെയിമാണിത്. നിര്‍ദേശങ്ങള്‍ എല്ലാം അതേപടി അനുസരിച്ചാലേ കളിയില്‍ വിജയിക്കാനാകൂ. ഗെയിം അവസാനിക്കുന്ന അമ്പതാം ദിവസം ആത്മഹത്യ ചെയ്യാനാണ് ആവശ്യപ്പെടുക.

Top