തിരുവനന്തപുരം: വിരട്ടലുകള്‍ ഒന്നും നടക്കില്ലെന്ന് തുറന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ ലാല്‍ തന്നെ മുഖ്യാതിഥി ആയിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് ശക്തമായ നിലപാട് മന്ത്രി സ്വീകരിച്ചത്.
മോഹന്‍ലാല്‍ പങ്കെടുക്കുന്നതില്‍ വിഷമമുള്ള ജൂറി അംഗം ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുത്തില്ലെങ്കിലും പ്രശ്‌നമില്ലന്നതാണ് സര്‍ക്കാര്‍ നിലപാട്. നാളെ മോഹന്‍ലാലിന് ഒദ്യോഗിക കത്തു നല്‍കും
മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ലെന്നും, മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ച ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്കൊന്നും മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പുകളില്ലെന്നും എ.കെ.ബാലന്‍ പറഞ്ഞു.
ആര്‍ക്കെങ്കിലും ആരോടെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്‌ക്കാരിക വേദികളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ എല്ലാവരും പങ്കെടുക്കുമെന്നും, വിവാദങ്ങള്‍ മാറ്റി വച്ച് ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.