പൊലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കണം; സര്‍ക്കാരിനോട് ശുപാര്‍ശ

police

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ശുപാര്‍ശ. എഡിജിപി ആനന്ദകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സിഐമാരില്ലാത്ത സ്റ്റേഷനുകളുടെ ചുമതല നിലവില്‍ ഡിവൈഎസ്പിമാര്‍ക്കാണ് നല്‍കുക. ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിലവില്‍ 207 സ്റ്റേഷനുകളില്‍ മാത്രമാണ് സിഐമാരെ നിയമിച്ചിരിക്കുന്നത്. ശേഷിക്കുന്ന 268 സ്റ്റേഷനുകളില്‍ കൂടി സിഐമാരെ നിയമിക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.

പൊലീസ് സ്റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കേസ് അന്വേഷണവും വിഭജിച്ചു നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് എത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ സിഐമാര്‍ക്ക് സ്റ്റേഷന്‍ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Top