Government to amend 147-year-old Christian divorce law

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ വിവാഹ മോചനത്തിനുള്ള നിയമ ഭേദഗതിക്കുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്‍കി.

വിവാഹ മോചനത്തിനായി ദമ്പതികള്‍ രണ്ടുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്നുള്ള നിബന്ധന ഒരുവര്‍ഷമാക്കി കുറയ്ക്കണമെന്നുള്ള ശുപാര്‍ശയ്ക്കാണ് അംഗീകാരം നല്‍കിയത്.

മറ്റ് സമുദായങ്ങളില്‍ വിവാഹമോചനത്തിന് ദമ്പതികള്‍ ഒരുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചാല്‍ മതിയെന്നിരിക്കെ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ മാത്രം രണ്ടുവര്‍ഷം വേണമെന്ന നിബന്ധന ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് 1869ലെ ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 147 വര്‍ഷം പഴക്കമുള്ള ചട്ടമാണ് ഇതോടെ പഴങ്കഥയാകുന്നത്.

ഭേദഗതി പാര്‍ലമെന്റ് പാസാക്കിയാല്‍ ഒരുവര്‍ഷം വേര്‍പിരിഞ്ഞ് താമസിച്ചതിന് ശേഷം അപേക്ഷിച്ചാല്‍ ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് വിവാഹമോചനം ലഭിക്കും.

24 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഭേദഗതിയോട് യോജിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിച്ച് പാസാക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Top