കൊച്ചി: ശബരിമലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാലുവര്‍ഷത്തിനിടെ നല്‍കിയത് 65.32കോടി രൂപയെന്ന് വിവരാവകാശ രേഖ. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ 60 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയ്ക്ക് ചീഫ്‌സെക്രട്ടറിയുടെ ഓഫിസില്‍ നിന്നും നല്‍കിയ കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമലയുടെ വികസനത്തിനും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ തുകയുടെ കണക്കുകള്‍ അന്വേഷിച്ച് നല്‍കിയ അപേക്ഷയിലാണ് മറുപടി. 2005ല്‍ ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പത്തുലക്ഷം രൂപ മാത്രമാണ് പത്തുവര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ലഭിച്ച സഹായം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 65.32 കോടി രൂപയില്‍ 38.64 കോടി ചെലവായിട്ടുണ്ടെന്നും ബാക്കി തുക തുടര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും രേഖകളില്‍ പറയുന്നു.
ക്ഷേത്രങ്ങളില്‍ നിന്നുളള വരുമാനത്തില്‍ നിന്നും ഒരു രൂപപോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് നേരത്തെ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.ക്ഷേത്രങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ അങ്ങോട്ട് കോടിക്കണക്കിന് രൂപ നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കി വി.ഡി.സതീശന്റെ സബ്മിഷന് ദേവസ്വം വകുപ്പ് മന്ത്രി നല്‍കിയ മറുപടിയില്‍ ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്നത് തെറ്റായ പ്രചരണമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.