Government troubled in jisha murder case

കൊച്ചി: ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ മരണത്തിന് വഴിയൊരുക്കിയത് പൊലീസിന്റെ അനാസ്ഥ.

അയല്‍വാസിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭീഷണി സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തങ്ങള്‍ക്ക് സംരക്ഷണം കിട്ടിയില്ലെന്ന ജിഷയുടെ അമ്മയുടെ ആരോപണങ്ങളാണ് ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.

പൊലീസ് സംരക്ഷണമൊരുക്കിയിരുന്നുവെങ്കില്‍ ജിഷ കൊല്ലപ്പെടില്ലായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി സഹപാഠികളും രംഗത്ത് വന്നു കഴിഞ്ഞു.

ഒരു സ്ത്രീ നല്‍കിയ പരാതി ആയിട്ടും യാതൊരു അന്വേഷണവും നടത്താതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുന്നതോടൊപ്പം ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു.

ഇക്കാര്യം മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ ശക്തമായ കടന്നാക്രമണം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഡിവൈഎഫ്‌ഐ-എഐവൈഎഫ്‌ അടക്കമുള്ള യുവജന സംഘടനകള്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ആഭ്യന്തരമന്ത്രിയെ തടഞ്ഞാണ് പ്രതിഷേധക്കാര്‍ രോഷം പ്രകടിപ്പിച്ചത്.

ഇതിനിടെ സ്ത്രീ സുരക്ഷയുടെ പേരില്‍ കോടിക്കണക്കിന് രൂപ ചിലവഴിക്കുന്ന കേരളത്തില്‍ എന്തു സുരക്ഷയാണ് സ്ത്രീകള്‍ക്ക് ഒരുക്കുന്നതെന്ന ചോദ്യത്തിന് പൊലീസും ഇരുട്ടില്‍ തപ്പുകയാണ്.

ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി സ്ത്രീ സുരക്ഷക്ക് ശക്തമായ നടപടി സ്വീകരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.

ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്ന കേരളം സ്ത്രീ സുരക്ഷയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ മാതൃകയാണെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ അവകാശപ്പെട്ടിരുന്നത്.

ഒരു പരാതി നല്‍കിയ സ്ത്രീക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ പോലും കഴിയാത്തവരാണ് സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രസംഗിച്ചിരുന്നത്.

ക്രൂരമൃഗങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ കൊടിയ പീഡനത്തിലൂടെ ജിഷയെ കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഡല്‍ഹിയിലെ ‘നിര്‍ഭയ’ക്ക് ഏല്‍ക്കേണ്ടി വന്ന പീഡനത്തേക്കാള്‍ ക്രൂരമായ പീഡനമാണ് പാവപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനിക്ക് ഏല്‍ക്കേണ്ടി വന്നത്.

ഭീഷണിയുടെ നിഴലിലായിരുന്ന ജിഷയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണമൊരുക്കിയിരുന്നെങ്കില്‍ പിന്നെ ആ വീടിന്റെ പരിസരത്തേക്ക് പോലും ആര്‍ക്കും ചെല്ലാന്‍ പറ്റില്ലായിരുന്നു.

ഇത്തരമൊരു ആക്രമണം ഒഴിവാക്കാനും അത്തരമൊരു നിലപാട് സഹായകരമാകുമായിരുന്നു.

ലക്ഷങ്ങള്‍ പൊടിച്ച് വിഐപി സുരക്ഷയുടെ പേരിലും സ്വയംസുരക്ഷയുടെ പേരിലും പൊലീസിനെ അനാവശ്യമായി വിന്യസിക്കുന്ന ആഭ്യന്തരവകുപ്പ് ഒരു പാവപ്പെട്ട സിത്രീയുടെ പരാതിക്ക് മുന്നില്‍ മുഖം തിരിച്ചത് എന്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊതുപ്രവര്‍ത്തകര്‍.

നിയമപാലകര്‍ മുഖം തിരിച്ചത് കൊണ്ടാണ് ഈ മൃഗീയ വേട്ടക്ക് ജിഷ വിധേയയായത്. പ്രതികളെ പൊലീസ് പിടികൂടി തുറുങ്കിലടച്ചാലും ഈ കൃത്യത്തിന് വഴി ഒരുക്കിയ… കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതത്തിന് തന്നെ ഇടയാക്കും.

ഇതിനിടെ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നു. കുറ്റക്കാരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും പണമില്ലാത്തവന്‍ കൊല്ലപ്പെട്ടാല്‍ നീതി ഇല്ലെന്നും വിഎസ് അരോപിച്ചു.

Top