തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒക്ടോബറോടുകൂടി തുറന്ന് പ്രവര്‍ത്തിക്കാന്‍ നീക്കം. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ മേല്‍ കനത്ത് പ്രഹരം ഏല്‍പ്പിച്ചാണ് ഈ കോവിഡ് കാലം കടന്നുപോകുന്നത്. മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കണമെന്നാവശ്യപ്പെട്ടാണ് സിഐഐ സര്‍ക്കാരിനെ സമീപിച്ചത്. ഒക്ടോബറോടുകൂടി കേന്ദ്രങ്ങള്‍ തുറക്കാന്‍ കഴിയുമെന്ന ഉറപ്പാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും സമര്‍പ്പിച്ചു.
നിലവില്‍ സംസ്ഥാനത്ത് 15 ലക്ഷത്തിലധികം പേരാണ് വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. കോവിഡ് വ്യാപിച്ചതോടുകൂടി വിനോദ സഞ്ചാര കേന്ദ്രങ്ങളും അവയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മറ്റു വ്യാപാരസ്ഥാപനങ്ങളും അഞ്ച് മാസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിനോദസഞ്ചാരമേഖല തുറക്കാനായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.