തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ കുരുക്കാന്‍ സര്‍ക്കാര്‍ നീക്കം. കെടിഡിഎഫ്‌സിയിലും പോര്‍ട്ട് ട്രസ്റ്റിലും അദ്ദേഹം ജോലി ചെയ്ത കാലയളവില്‍ അഴിമതി നടത്തി എന്നാരോപിച്ചാണ് പകപോക്കാനൊരുങ്ങുന്നത്.
ഇതിനായി പ്രാഥമിക അന്വേഷണം മുന്‍നിര്‍ത്തി വിജിലന്‍സിനേക്കൊണ്ട് കേസെടുപ്പിച്ച് സസ്‌പെന്‍ഡ് ചെയ്യിപ്പിക്കാനാണ് നീക്കം. അഴിമതിക്കേസിലും ക്രിമിനല്‍കേസിലും പ്രതികളായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ തിരിച്ചെടുത്ത് രണ്ട് നീതി നടപ്പാക്കിയ സര്‍ക്കാരിന്റെ ഈ ‘നീക്കം’ ഇപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരായ സര്‍ക്കാര്‍ നീക്കത്തിന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ശങ്കര്‍റെഡ്ഡി കൂട്ടുനില്‍ക്കില്ലെന്നാണ് സൂചന. സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയാല്‍ ആര്‍ക്കെതിരെയാണെങ്കിലും പ്രാഥമിക അന്വേഷണമുണ്ടാകുമെങ്കിലും എന്തെങ്കിലും കൃത്രിമ തെളിവുകള്‍ ഉണ്ടാക്കി ബോധപൂര്‍വ്വം പകപോക്കാനൊരുങ്ങിയാല്‍ കൂട്ടുനില്‍ക്കാനാവില്ലെന്ന നിലപാടിലാണ് വിജിലന്‍സ് അധികൃതര്‍.
ജേക്കബ് തോമസിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം രംഗത്തുവന്നതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എം ഹസ്സനും ജേക്കബ് തോമസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. കെടിഡിഎഫ്‌സിയിലും പോര്‍ട്ട് ട്രസ്റ്റിലും ജേക്കബ് തോമസ് ജോലി ചെയ്തിരുന്നപ്പോള്‍ അഴിമതി നടത്തിയിരുന്നതായാണ് ആരോപണം.
മുന്‍ മന്ത്രികൂടിയായ ഹസ്സന്റെ പരാമര്‍ശത്തോട് പക്ഷേ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അഴിമതി വിരുദ്ധ നിലപാടെടുത്ത് രംഗത്ത് വരുന്നത് വഴി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ജേക്കബ് തോമസിന്റെ നടപടിയാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുള്ളത്. ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രസ്താവന ചെകുത്താന്റെ ‘വേദമോതലാണെന്നാണ്’ ഹസ്സന്റെ ആക്ഷേപം.
സംസ്ഥാന പോലീസ് ചീഫ് ടി.പി സെന്‍കുമാര്‍ ഒഴികെയുള്ള മറ്റ് ഡിജിപിമാരും ഭൂരിപക്ഷം ഐപിഎസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസിനൊപ്പം ഉറച്ചു നില്‍ക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ പിന്നില്‍ക്കൂടി പകപോക്കലിന് ഒരുങ്ങിയാല്‍ ‘ബദല്‍മാര്‍ഗ്ഗം’ ഐപിഎസുകാരും സ്വീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് കളിച്ചാല്‍ അത് അവസാനത്തെ കളിയാകുമെന്ന അഭിപ്രായവും ഭരണപക്ഷത്തുണ്ട്. എന്നാല്‍ ഭൂരിപക്ഷ നിലപാട് ജേക്കബ് തോമസിനെതിരായതിനാല്‍ പാര്‍ട്ടിക്ക് പുറത്ത് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണിവര്‍.
മാത്രമല്ല ഇനിയും നിരവധി വര്‍ഷങ്ങള്‍ സര്‍വീസ് അവശേഷിക്കുന്ന ജേക്കബ് തോമസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഭരണമാറ്റമുണ്ടായാല്‍ തന്ത്രപ്രധാനമായ സ്ഥാനത്ത് എത്തിയാല്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്ക് അത് കനത്ത തിരിച്ചടിയാകും.
ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ സര്‍ക്കാര്‍ നടപടിയാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിന് തിരികൊളുത്തിയത്. സംസ്ഥാന പൊലീസിലെ ക്ലീന്‍ ഇമേജുകാരനും കര്‍ക്കശക്കാരനുമായിട്ടാണ് ജേക്കബ് തോമസ് അറിയപ്പെടുന്നത്.