തിരുവനന്തപുരം: സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകള്‍ വഴിയുള്ള മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു.
മദ്യവില്‍പ്പനയ്ക്ക് അനുമതി തേടികൊണ്ടുള്ള എയര്‍പോര്‍ട്ട് അതോറിട്ടിയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
സര്‍ക്കാരിന്റെ അന്തിമഘട്ട പരിശോധനയിലാണ് ഇക്കാര്യം. മന്ത്രിസഭാ യോഗമാണ് വിമാനത്താവളങ്ങളിലെ മദ്യ വില്‍പ്പന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും ഈ നീക്കം ഗുണകരമാകുമെന്നാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
ഡ്യൂട്ടി ഷോപ്പു വഴി വിമാനത്താവളങ്ങളില്‍ നേരത്തെ വിദേശ നിര്‍മിത വിദേശമദ്യം മാത്രമാണ് ലഭിച്ചിരുന്നത്. ഇനി മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പുതിയ കൗണ്ടര്‍ വഴി വിതരണം ചെയ്യാനാണ് എയര്‍പോര്‍ട്ട് അതോറിട്ടിയുടെ തീരുമാനം.
ലൈസന്‍സിന് ചില്ലറ വില്‍പ്പന കേന്ദ്രത്തിന് 28 ലക്ഷം രൂപ നല്‍കേണ്ടി വരുമ്പോള്‍, വിമാനത്താവളങ്ങളിലെ മദ്യശാലകളുടെ ലൈസന്‍സിനായി ഒരു ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. ഇതിലൂടെ അമിത സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച അന്തിമ നടപടിക്രമങ്ങളിലാണ് എക്‌സൈസ് വകുപ്പും സര്‍ക്കാരും.
ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകള്‍ വഴി മദ്യവില്‍പ്പന തുടങ്ങുന്നത്.