തിരുവനന്തപുരം: അമ്മ അനുപമ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. പേരൂര്‍ക്കട സ്വദേശിയായ അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ വ്യാജരേഖയുണ്ടാക്കി ദത്ത് നല്‍കിയെന്ന പരാതിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ദത്ത് നല്‍കിയ കുട്ടി ആന്ധ്രപ്രദേശിലെ ദമ്പതികളുടെ കൈയിലാണെന്നും ഈ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്നും അനുപമ തിരുവനന്തപുരം കുടുംബകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കേസിന്റെ അടിസ്ഥാനത്തില്‍ ദത്ത് നടപടികള്‍ നിര്‍ത്തിവെച്ച കോടതി തുടര്‍ നടപടികള്‍ എന്താണെന്ന് അറിയിക്കണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. വകുപ്പ് തല അന്വേഷണങ്ങളടക്കം പൂര്‍ത്തിയാകുന്നതുവരെ ദത്തു നടപടികള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം.
വനിതാ ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ട് വൈകുമെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ അറിയിച്ചേക്കുമെന്നാണ് സൂചന. കോടതി ആവശ്യപ്പെട്ടത് പ്രകാരം പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും മുദ്രവെച്ച കവറില്‍ ഇന്ന് കൈമാറിയേക്കും. ദത്തു നടപടികളില്‍ അന്തിമ തീരുമാനമാകുന്നതുവരെ ദത്ത് സ്വീകരിച്ച ആന്ധ്രാ സ്വദേശികള്‍ക്കൊപ്പം കുഞ്ഞ് തുടരട്ടെയെന്നായിരുന്നു കോടതി തീരുമാനം.