റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ആദ്യ റോബോട്ടിനെ നിയമിച്ചു. ടെക്‌നിഷ്യന്‍’ എന്ന പേരിലുള്ള റൊബോട്ട് കസ്റ്റമര്‍ സര്‍വീസ് മേഖലയിലാണ് സേവനമനുഷ്ഠിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സേവനങ്ങളെ വിലയിരുത്താന്‍ റൊബോട്ട് ഉപകരിക്കും എന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ പ്രഫഷനല്‍ ട്രെയിനിങ് അതോറിറ്റി ആസ്ഥാനത്ത് നടന്ന പരിപാടിയിലായിരുന്നു റോബോര്‍ട്ടിന്റെ ഉദ്ഘാടനം.
ട്രെയിനിങ് അതോറിറ്റിയുടെ സന്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കെത്തിക്കാനുള്ള ഓണ്‍ലൈന്‍ സേവനവും റൊബോട്ട് വഴിയാണ് നടക്കുക. വിദ്യാഭ്യാസ മന്ത്രിയും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ട്രെയിനിങ് അതോറിറ്റി പ്രസിഡന്റ് ഡോ. അഹമദ് ബിന്‍ ഫഹദ് അല്‍ഫുഹൈദും ഉദ്ഘാടന പരിപാടിയില്‍ സംബന്ധിച്ചു. സര്‍ക്കാര്‍ സേവന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇലക്ട്രോണിക് രീതി കൂടുതലായി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഷന്‍ 2030 ന്റെ ഭാഗമായാണ് പദ്ധതി . വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്ന യുവതീയുവാക്കള്‍ക്ക് ഇത്തരം സേവനങ്ങള്‍ കൂടുതല്‍ ഉപകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.