ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി നോട്ടുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ അഞ്ഞൂറ് രൂപ നോട്ടുകളുടെ അച്ചടി അഞ്ച് മടങ്ങ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധനകാര്യവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ കറന്‍സി ക്ഷാമം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഈ നീക്കം.
പ്രതിദിനം അഞ്ഞൂറ് കോടിയുടെ 500 രൂപ നോട്ടുകളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇത് അഞ്ച് മടങ്ങ് വര്‍ധിപ്പിച്ച് ദിവസവും 2,500 കോടിയുടെ അഞ്ഞൂറ് രൂപ നോട്ടുകള്‍ എന്ന നിലയിലേക്കെത്തിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അടുത്തു തന്നെ ഇത് നടപ്പാകുമെന്നും. ഒരുമാസത്തിനകം 70,000 മുതല്‍ 75,000 കോടിയുടെ അഞ്ഞൂറ് രൂപാ നോട്ടുകള്‍ പുറത്തിറക്കുമെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു.
അതേസമയം, രാജ്യത്ത് കറന്‍സി ക്ഷാമമുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും 18 ലക്ഷം കോടി രൂപ ഇപ്പോള്‍ രാജ്യത്ത് പ്രചാരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധിക്കലിന്റെ കാലത്ത് ഇത് 17.5 ലക്ഷം കോടി മാത്രമായിരുന്നു. ആവശ്യമുള്ളതിനേക്കാള്‍ 2 മുതല്‍ 3.5 ലക്ഷം കോടി രൂപ വരെ കരുതല്‍ ശേഖരമായി സര്‍ക്കാര്‍ സൂക്ഷിക്കാറുണ്ട്. ഇപ്പോള്‍ 1.75 ലക്ഷം കോടിയുടെ കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്നും ഗാര്‍ഗ് പറഞ്ഞു.
മാസം തോറും കറന്‍സി നോട്ടുകളുടെ ആവശ്യകത ശരാശരി 20,000 കോടി രൂപയാണ്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ 13 ദിവസത്തിനിടെ ആവശ്യകത 45,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മധ്യപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലാണ് കറന്‍സി ക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്