സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള മൂന്നാം നൂറുദിന കർമപരിപാടിക്ക് ഇന്ന് തുടക്കം. ഫെബ്രുവരി 10 മുതൽ നൂറു ദിവസം കൊണ്ട് 15896.03 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. പുനർഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ 400 വീടുകളുടെ ശിലാസ്ഥാപനത്തോടെ പദ്ധതികൾക്ക് തുടക്കമാകും.

ആകെ 1284 പ്രോജക്റ്റുകൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നു. സംസ്ഥാന വികസനത്തിന് ഗതിവേഗം കൂട്ടുന്ന പദ്ധതികൾ ഇതിലൂടെ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങൾ പരിപാടിയുടെ ഭാഗമായുള്ള വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. നൂറുദിനങ്ങളിൽ പുനർഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളിൽ ആയിരത്തോളം ഭവനങ്ങളുടെ താക്കോൽദാനവും നടത്തും. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂർത്തീകരണം നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കും. കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കാൻ സംവിധാനം ഒരുക്കും. വ്യവസായ വകുപ്പിന്റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പിൽ 2610.56 കോടിയുടെയും, വൈദ്യുതി വകുപ്പിൽ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്.

പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉൽപ്പാദനവും വിതരണവും ആരംഭിക്കും. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്റർ ഓഫ് എക്‌സലൻസ് കാർഷിക വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കും. ബ്രഹ്മപുരം സൗരോർജജ പ്ലാന്റിന്റെ ഉദ്ഘാടനം ഈ കാലയളവിൽ നടത്തും. 275 മെഗാവട്ട് വൈദ്യുതി ഉൽപ്പാദനശേഷിയുള്ള പദ്ധതിയാണിത്.

പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി മേഖലകളിൽ വിദൂര ആദിവാസി കോളനികളിൽ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 500 ഏക്കർ തരിശുഭൂമിയിൽ 7 ജില്ലകളിൽ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കുന്നതാണ്. ഫ്‌ളോട്ടിംഗ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏർപ്പെടുത്തും. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top