തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യത്യസ്ത ആശയങ്ങള്‍ പ്രകടിപ്പിക്കേണ്ടത് ജീവനെടുത്തുകൊണ്ടല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവല്ലയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സന്ദീപിന്റേത് നിഷ്ഠൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. കുറ്റവാളികളെ മുഴുവന്‍ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അതിന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനോടകം കൊലപാതകക്കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം പ്രതിയായ അഭിയാണ് ഒടുവില്‍ പിടിയിലായത്. ആലപ്പുഴ എടത്വയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റു നാല് പ്രതികളെയും നേരത്തെ പിടികൂടിയിരുന്നു.
ജിഷ്ണു, ഫൈസല്‍, നന്ദു, പ്രമോദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇതില്‍ ജിഷ്ണു ആര്‍എസ്എസ് ബന്ധമുള്ള ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.