ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരെ പരോക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആളുകള്‍ റോഡുകളില്‍ ഇരുന്നു സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് മറ്റുള്ളവരെ തങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണെന്നും ഇത് തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അക്രമങ്ങള്‍ ഹിംസയുടെ രൂപത്തില്‍ മാത്രമല്ല അത് പലരൂപങ്ങളിലൂടെയാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ‘തീവ്രവാദവും നക്‌സല്‍വാദവും കാരണവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗവര്‍ണര്‍.
ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ഒരാളുടെ അഭിപ്രായം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ അഭിപ്രായങ്ങള്‍ പറയാന്‍ തന്നെ അനുവദിച്ചില്ല. പരിപാടിയില്‍ ഉള്‍പ്പെടാത്ത ആളുകള്‍ മൈക്ക് എടുത്ത് സംസാരിച്ചു. അവര്‍ തനിക്കു നേരെ ചോദ്യങ്ങളുന്നയിച്ചു. അതിനു മറുപടി പറയേണ്ടതു തന്റെ കടമയായിരുന്നു.അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ വലിയ ബഹളം ഉണ്ടാക്കി. അവര്‍ തന്നെ കയ്യേറ്റം ചെയ്തുവെന്നും ഗവര്‍ണര്‍ പറഞ്ഞു.