കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തനിക്കെതിരായി സ്ഥാപിച്ചിട്ടുള്ള ബാനറുകള്‍ നീക്കം ചെയ്യണം;ഗവര്‍ണര്‍

കോഴിക്കോട്:കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറുകള്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് എന്തിനെന്ന് ആരാഞ്ഞ് വൈസ് ചാന്‍സിലറോട് വിശദീകരണം ചോദിക്കാനും രാജ്ഭവന്‍ സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച കാമ്പസില്‍ എത്തിയ ഗവര്‍ണര്‍ കാറില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ബാനറുകള്‍ സ്ഥാപിച്ചതിനെതിരേ രോഷപ്രകടനം നടത്തിയത്. കാംപസിലെ റോഡില്‍ ഇറങ്ങി നടന്ന് ഓരോ ബാനറും വായിച്ചതിനു ശേഷമാണ് അദ്ദേഹം രാജ്ഭവന്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചത്.

ബാനറിലെ വാക്കുകള്‍ അടക്കം എടുത്തുപറഞ്ഞുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍വെച്ചാണ് ഗവര്‍ണര്‍ രാജ്ഭവന്‍ സെക്രട്ടറിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് എന്തിനെന്നും അന്തുകൊണ്ട് അവ നീക്കംചെയ്തില്ലെന്നും ചോദിച്ചുകൊണ്ട് വി.സിയോട് വിശദീകരണം ചോദിക്കാനാണ് നിര്‍ദേശം. ബാനറുകള്‍ എന്തുകൊണ്ടാണ് ഇവിടെനിന്ന് നീക്കാത്തതെന്ന് പോലീസുകാരോടും ഗവര്‍ണര്‍ ആരാഞ്ഞു.

ഗവര്‍ണര്‍ക്കെതിരേ കഴിഞ്ഞദിവസംതന്നെ സര്‍വകലാശാല കാമ്പസില്‍ നിരവധി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ സ്ഥാപിച്ചിരുന്നു. സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഇത്. ‘സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ’ എന്നായിരുന്നു ബാനറുകളിലൊന്നില്‍ എഴുതിയിരുന്നത്. സമാനമായ നിരവധി ബാനറുകള്‍ കാംപസില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നു.

Top