ഗവർണർ സർക്കാർ പോര് അതിരൂക്ഷം; മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കുള്ള ഗവർണറുടെ മറുപടി ഇന്ന്

തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് അതിരൂക്ഷം. മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് ഗവർണർ ഇന്ന് കൊച്ചിയിൽ പരസ്യ മറുപടി പറഞ്ഞേക്കും. പ്രിയ വർഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവർണർ സ്ഥാനങ്ങൾ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ ഗവർണർക്ക് കടുത്ത അതൃപ്‌തിയുണ്ട്. വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നൽകുന്ന ഗവർണർ കണ്ണൂർ വിസിക്കെതിരായ നടപടി ഉടൻ കടുപ്പിക്കും. ഗവർണർക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമർശനം.

പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. ഗവർണർ പറഞ്ഞതിൽപ്പരം അസംബന്ധം പറയാൻ ആർക്കും പറയാൻ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിൻറെ മഹത്വം നോക്കാതെ എന്തും പറയാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിൻറെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറെ ഭാര്യ പ്രിയാ വർഗീസിൻറെ കണ്ണൂർ സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പരാമർശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

Top