മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിൽ സന്തോഷം; രൂക്ഷ വിമർശനവുമായി ​ഗവർണർ

ഡൽഹി: ​ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് കടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രം​ഗത്തെത്തി. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ​ഗൂഢാലോചനയുടെ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. ഇതുവരെ പിന്നിൽ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നൽകിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഫോൺ കോളുകളോടും കത്തുകളോടും പ്രതികരിക്കുന്നില്ലെന്നും ​ഗവർണർ തുറന്നടിച്ചു.

സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നൽകിയ കത്ത് മറ്റന്നാൾ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറ‍ഞ്ഞു. യോഗ്യതയില്ലാത്തവരെ വാഴ്സിറ്റിയിൽ തുടരാൻ അനുവദിക്കില്ല. വാഴ്സിറ്റികൾ ജനങ്ങളുടേതാണ് അല്ലാതെ കുറച്ചു കാലം ഭരണത്തിലിരിക്കുന്നവരുടേതല്ല.

മൂന്ന് വർഷം മുൻപ് കണ്ണൂരിൽ വച്ച് തനിക്കെതിരെ വധശ്രമം ഉണ്ടായി. കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ആരാണ് പൊലീസിനെ തടഞ്ഞത്? ആർക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയെന്നും ഗവർണർ ചോദിച്ചു. തിരുവനന്തപുരത്ത് എത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top