തിരുവനന്തപുരം : സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. സായുധ സേന, പോലീസ്, പാരാമിലിറ്ററി, എൻ.സി.സി പരേഡുകളും ചടങ്ങിൽ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട 100 പേർക്കായിരിക്കും പ്രവേശനം.
ജില്ലാതല പരിപാടികളിൽ മന്ത്രിമാർ പതാക ഉയർത്തും. പരമാവധി 100 പേർക്കായിരിക്കും പ്രവേശനം. സബ് ജില്ലാ തലത്തിൽ സബ് ജില്ലാ മജിസ്‌ട്രേറ്റുമാരും ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമാണ് പതാക ഉയർത്തുക. എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനമാണ് രാജ്യം ഇന്ന് ആഘോഷിക്കുക.
കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി നിയന്ത്രിതമായ രീതിയിലാണ് രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ്. കഴിഞ്ഞവർഷം ഒന്നരലക്ഷത്തോളം സന്ദർശകരാണ് പരേഡ് കാണാനെത്തിയതെങ്കിൽ ഇത്തവണ അത് 25,000 ആയി ചുരുക്കി. മാർച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ എണ്ണം സാമൂഹിക അകലം കണക്കിലെടുത്ത് 144ൽ നിന്ന് 96 ആയും കുറച്ചിട്ടുണ്ട്.