‘രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം’; മുഖ്യമന്ത്രിക്ക് ഗവർണർ അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം: രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ അയച്ച കത്ത് പുറത്ത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2020 ൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കുടുംബശ്രീ വഴി നിയമിച്ച 20 പേരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്താനാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെ ഗവർണർ എതിർക്കുന്നതിനിടെയാണ് കത്ത് പുറത്തു വന്നിട്ടുള്ളത്.

സർവകലാശാല നിയമന വിഷയത്തിലും ഗവർണറും സർക്കാരും ഏറ്റമുട്ടലിന്റെ പാതയിലാണ്. ഇതിനിടെയാണ് കത്ത് പുറത്തായിട്ടുള്ളത്. കുടുംബശ്രീ വഴി നിയമിതരായി രാജ്ഭവനിൽ ജോലി ചെയ്യുന്ന 45 പേരിൽ 20 പേരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.

രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ആളെ ആ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 2020 ഡിസംബർ 29 നാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. ഗവർണറുടെ ആവശ്യം പരിഗണിച്ച് ഒരു ഫോട്ടോഗ്രാഫർക്ക്, അത്തരമൊരു തസ്തിക പുതുതായി സൃഷ്ടിച്ച് രാജ്ഭവനിൽ നിയമിച്ച് ഫെബ്രുവരിയിൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

Top