ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാറുമായി ഇടയുന്നതിനു പിന്നില്‍ വ്യക്തമായ ‘അജണ്ട’യുണ്ടെന്ന ആരോപണവും ശക്തമാവുന്നു. ഗവര്‍ണറുടെ നിലപാടില്‍ സി.പി.എം ദുരൂഹത ആരോപിക്കുമ്പോള്‍ ആ ദുരൂഹതക്കു പിന്നിലെ താല്‍പ്പര്യങ്ങളാണ് മറ്റൊരു വിഭാഗമിപ്പോള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരള ഗവര്‍ണര്‍ സ്ഥാനത്ത് സംഘപരിവാര്‍ നേതാവിനെ കൊണ്ടു വരണമെന്ന താല്‍പ്പര്യമാണ് ആര്‍.എസ്.എസ്സിന് ഇപ്പോഴുമുള്ളത്. മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍സിംഗിനെ പോലെ കരുത്തനായ ഒരു പരിവാറുകാരനെയാണ് ആര്‍.എസ്.എസ് നേതൃത്വം ശരിക്കും ആഗ്രഹിക്കുന്നത്. പിണറായി സര്‍ക്കാറിനു ‘മുക്കുകയറിടാന്‍’ അത്തരമൊരു നിയമനം അനിവാര്യമാണെന്നതാണ് അവരുടെ കണക്കുകൂട്ടല്‍. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ജസ്റ്റിസ് സദാശിവത്തെ ഗവര്‍ണ്ണറായി നിയമിച്ചതിലും കടുത്ത അതൃപ്തി സംഘപരിവാര്‍ സംഘടനകള്‍ക്കുണ്ടായിരുന്നു. സര്‍ക്കാറിനോട് മൃദുസമീപനം കാണിക്കുന്നു എന്നായിരുന്നു അന്ന് സദാശിവം നേരിട്ടിരുന്ന പ്രധാന വിമര്‍ശനം. സദാശിവം പോയി ആരിഫ് മുഹമ്മദ്ഖാന്‍ വന്നപ്പോഴും സംഘപരിവാറിലെ ഒരു വിഭാഗം തൃപ്തരായിരുന്നില്ല. സര്‍ക്കാറുമായി ചില അഭിപ്രായ വ്യാത്യാസങ്ങള്‍ ഒക്കെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആരിഫ് മുഹമ്മദ് ഖാന്റെ ‘പെര്‍ഫോമന്‍സില്‍’ ഈ വിഭാഗം തൃപ്തരായിരുന്നില്ല.
ഇടതുപക്ഷ സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിറപ്പിക്കാന്‍ പറ്റുന്ന ഒരു ഗവര്‍ണറെയാണ് യഥാര്‍ത്ഥത്തില്‍ പരിവാര്‍ നേതൃത്വം ആഗ്രഹിക്കുന്നത്. അതിനായി വീണ്ടും അവര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയ സാഹചര്യത്തില്‍ തന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. കേരളത്തില്‍ തന്നെ തുടരുക അതല്ലങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് ഗവര്‍ണര്‍ പദവി ഇതാണ് ആരിഫ് മുഹമ്മദ് ഖാന്‍ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സംശയിക്കുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പി നേതൃത്യത്തെ പിണക്കാനും ഗവര്‍ണര്‍ ആഗ്രഹിക്കുന്നില്ല. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനം ഗവര്‍ണറെ സംബന്ധിച്ച് വീണു കിട്ടിയ ആയുധമാണ്. ആയുധമാക്കിയിരിക്കുകയാണ് എന്നു പറയുന്നതാകും കൂടുതല്‍ ശരി. നിയമനത്തില്‍ ഒപ്പിട്ട ശേഷമാണ് ഗവര്‍ണര്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് ഗവര്‍ണര്‍ ഇടപെടുന്നുവെന്നതിന് തെളിവായാണ് ഈ നിലപാടു മാറ്റത്തെ സംസ്ഥാന സര്‍ക്കാറും നിലവില്‍ നോക്കിക്കാണുന്നത്.
ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും ഗവര്‍ണര്‍ ഉടക്ക് തുടര്‍ന്നാല്‍ ചാന്‍സലര്‍ പദവി അദ്ദേഹത്തില്‍ നിന്നും എടുത്ത് മാറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാനുള്ള അധികാരം നിയമസഭക്കു മാത്രമാണ് ഉള്ളത്. അങ്ങനെ സംഭവിച്ചാല്‍ ദേശീയ തലത്തില്‍ തന്നെ വലിയ വിവാദങ്ങള്‍ക്കാണ് കാരണമാകുക. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും കൂടുതല്‍ വഷളാകും. ഇത്തരമൊരു സാഹചര്യം ഗവര്‍ണര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സംഭവിക്കുക തന്നെ ചെയ്യും. പിണറായി സര്‍ക്കാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഗവര്‍ണര്‍ എന്ന പ്രതിച്ഛായ ആരിഫ് മുഹമ്മദ് ഖാന് നിലവില്‍ ആവശ്യമാണ്. അതുകൊണ്ടാണ് സര്‍വ്വകലാശാലാ വിഷയം പരമാവധി കത്തിച്ചു നിര്‍ത്താന്‍ അദ്ദേഹം ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
കത്തിലൂടെ തുടങ്ങിയ ഗവര്‍ണറുടെ പ്രതികരണം പരസ്യ പ്രതികരണത്തിലാണ് എത്തി നില്‍ക്കുന്നത്. മുന്‍ കാലങ്ങളില്‍ ഗവര്‍ണര്‍മാര്‍ സ്വീകരിക്കാത്ത മാതൃകയാണിത്. സര്‍വകലാശാല ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ അതിരൂക്ഷമാണെന്ന് തുറന്നടിച്ച ഗവര്‍ണര്‍ ഉന്നതപദവികളില്‍ ഇഷ്ടക്കാരെ നിയമിക്കുന്നതായും ആരോപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ താങ്ങാന്‍ കഴിയാത്തതാണെന്നും സര്‍വകലാശാലകള്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ അതിനായി നിന്ന് കൊടുക്കാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും മാത്രമല്ല മുസ്ലീം ലീഗിനെയും ഒരു പോലെ സന്തോഷിപ്പിക്കുന്ന വാക്കുകളാണിത്. എന്നാല്‍ ഈ നിലപാടിലെ ഇരട്ടതാപ്പും നാം തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഭരണകൂടങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് അപ്പുറം ഒരു ഇടപെടല്‍ ഈ കേരളത്തിലും നടന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്‍ വളരെ സൂക്ഷിച്ചു മാത്രം ഇടപെടുന്ന ഒരു സര്‍ക്കാറാണ് ഇവിടെയുള്ളത്.
വി.സി നിയമനം സംബന്ധിച്ച ശുപാര്‍ശ നല്‍കുന്നത് സര്‍ക്കാരല്ല. അതിന് വേറെ സര്‍ച്ച് കമ്മിറ്റിയുണ്ട്. അതില്‍ സര്‍ക്കാര്‍ പ്രതിനിധി മാത്രമല്ല സര്‍വകലാശാലയുടെ പ്രതിനിധിയും യുജിസി പ്രതിനിധിയുമുണ്ട്. ഇതാകട്ടെ ഗവര്‍ണര്‍തന്നെ അംഗീകരിച്ച ഒരു സര്‍ച്ച് കമ്മിറ്റിയുമാണ്. ഇക്കാര്യത്തിലൊന്നും വ്യത്യസ്ത അഭിപ്രായം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ആ സര്‍ച്ച് കമ്മിറ്റിയാണ് ഒരു പേര് കണ്ടെത്തി നല്‍കിയത്. ഇനി അതല്ല മൂന്നു പേരാണ് നല്‍കേണ്ടതെങ്കില്‍ അതും നല്‍കാന്‍ സര്‍ച്ച് കമ്മിറ്റി തയ്യാറായിരുന്നു. ഗവര്‍ണര്‍ക്ക് ഒരു വ്യക്തിയുടെ പേരാണ് വേണ്ടതെങ്കില്‍ അതു പോലും നല്‍കാനും സര്‍ച്ച് കമ്മിറ്റി തയ്യാറായിരുന്നു. മൂന്ന് പേരുകള്‍ വേണ്ടെന്നും ഒരാളുടേത് മാത്രം നല്‍കിയാല്‍ മതിയെന്നും ഗവര്‍ണര്‍ തന്നെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഒരു പേര് നല്‍കിയതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗവര്‍ണറും ബി.ജെ.പിയും കോണ്‍ഗ്രസ്സും എല്ലാം ഇപ്പോള്‍ പറയുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ഇവരെല്ലാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
ബി.ജെ.പിയും കോണ്‍ഗ്രസ്സും ലീഗുമെല്ലാം സര്‍വ്വകലാശാലാ ഭരണത്തില്‍ ഇടപെടുന്ന രീതി തന്നെ ഒന്നു വേറെയാണ്. അതും നാം തിരിച്ചറിയണം. കാസര്‍കോട് പെരിയയിലെ കേന്ദ്രസര്‍വകലാശാല തന്നെ ഇതിനു പ്രധാന ഉദാഹരണമാണ്. ഇവിടെ തുടക്കം മുതല്‍ നടന്നിരിക്കുന്നത് രാഷ്ട്രീയ നിയമനങ്ങളും സ്വജനപക്ഷപാതവും ആണെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിട്ടുള്ളതാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ സര്‍വകലാശാലയില്‍ ആദ്യ വൈസ്ചാന്‍സലര്‍ മുതലുള്ള നിയമനങ്ങള്‍ രാഷ്ട്രീയം പരിഗണിച്ചാണ് നടത്തിയിരുന്നത്. ബിജെപി അധികാരത്തിലെത്തിയതോടെ അക്കാദമിക തലത്തിലും ഇപ്പോള്‍ കാവിവല്‍ക്കരണം തകൃതിയായാണ് നടക്കുന്നത്. പ്രോ.വൈസ് ചാന്‍സലര്‍ മുതല്‍ ഏറ്റവുമൊടുവില്‍ നിയമിതനായ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വരെ സംഘപരിവാര്‍ ബന്ധമുള്ളവരാണെന്ന ആരോപണവും ശക്തമാണ്. മുന്‍ പിവിസി കെ ജയപ്രസാദ് ചുമതലയേല്‍ക്കുമ്പോള്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ഭാരതീയ വിചാരകേന്ദ്രത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. ജനം ടിവി ലേഖകനായിരുന്ന കെ സുജിത്താണ് അവസാനം നിയമിതനായ പിആര്‍ഒ. രണ്ടാമത്തെ വൈസ് ചാന്‍സലര്‍ കോണ്‍ഗ്രസ്ബ ന്ധമുള്ളയാളായിരുന്നെങ്കിലും 2014 മുതല്‍ 2020വരെ സംഘപരിവാര്‍ താല്‍പ്പര്യമനുസരിച്ച് പിവിസി ജയപ്രസാദാണ് സര്‍വകലാശാലയെ നിയന്ത്രിച്ചിരുന്നത്. യോഗ്യതയില്ലെന്ന ആരോപണത്തെ തുടര്‍ന്ന് പിന്നീട് ഇയാളെ മാറ്റി നിര്‍ത്തുകയാണുണ്ടായത്. യുഡിഎഫ് ഭരണകാലത്ത് കണ്ണൂര്‍ വിസിയായി നിയമിച്ചിരുന്നത് കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ഖാദര്‍ മാങ്ങാടിനെയായിരുന്നു.സകല മാനദണ്ഡങ്ങളും മറികടന്നാണ് 2013 -ല്‍ ഈ സജീവ രാഷ്ട്രീയക്കാരനായ കോണ്‍ഗ്രസ് നേതാവിനെ വൈസ് ചാന്‍സലറാക്കിയിരുന്നത്.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറാക്കാന്‍ തീരുമാനിച്ചിരുന്നത് ലീഗ് നേതാവായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുള്‍ ഹമീദിനെ ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് നേരിട്ടാണ് ഇതിനായി ഇടപെട്ടിരുന്നത്. പള്ളിക്കല്‍ വിപികെഎംഎംഎച്ച്എസ്എസ് അധ്യാപകനായ ഇദ്ദേഹത്തിന് വിസിയാകാനുള്ള അക്കാദമിക് യോഗ്യത പോലും ഉണ്ടായിരുന്നില്ല. പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പിഎസ്സി ബോര്‍ഡ് അംഗവുമായിരുന്നു എന്നതാണ് ഹമീദില്‍ ലീഗ് കണ്ട യോഗ്യത. സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിയില്‍ ഇടതുപക്ഷ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തതോടെയാണ് ലീഗിന്റെ നീക്കം പൊളിഞ്ഞിരുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകന്‍ ഡോ. കെ മുഹമ്മദ് ബഷീറിനെ വിസിയാക്കി നിയമിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിനും മതിയായ യോഗ്യത ഉണ്ടായിരുന്നില്ല എന്ന ആക്ഷേപവും അക്കാലത്ത് ഉയര്‍ന്നിരുന്നു. ഡോ. എം അബ്ദുള്‍സലാം കാലിക്കറ്റ് സര്‍വ്വകലാശാലാ വിസിയായതും ലീഗ് നോമിനിയായാണ്. ഇദ്ദേഹം ഇപ്പോള്‍ ബി.ജെ.പി നേതാവായാണ് പ്രവര്‍ത്തിക്കുന്നത്.യുഡിഎഫ് കാലത്ത് കാലടി സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ.കെ.എസ് രാധാകൃഷ്ണനും ഇപ്പോള്‍ ബിജെപിയിലാണ്. സംസ്ഥാന വൈസ് പ്രസിഡന്റായാണ് അദ്ദേഹത്തിന് ചുമതല നല്‍കിയിരിക്കുന്നത്. ഇത്രയ്‌ക്കൊന്നും ഒരു കാലത്തും ഇടതുപക്ഷം ചെയ്തിട്ടില്ല.
സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ നിലവില്‍ തുടരുന്ന കീഴ് വഴക്കം തുടരുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടിയതും അതു തന്നെയാണ്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തീരുമാനമെടുക്കേണ്ട ആളല്ല ഗവര്‍ണറെന്നത് ആദ്യം തിരിച്ചറിയേണ്ടത് ആരിഫ് മുഹമ്മദ് ഖാനാണ്. വിവേചനാധികാരമുള്ള ഗവര്‍ണര്‍ ഒപ്പിട്ട ശേഷം അത് മാറ്റിപ്പറയുന്നത് തന്നെ ശരിയായ നിലപാടല്ല. ഗവര്‍ണ്ണര്‍ പദവി എന്നത് ഒരു ഭരണഘടനാ പദവിയാണ് എന്നാല്‍ ചാന്‍സലര്‍ പദവി അതല്ല. സര്‍ക്കാര്‍ ഈ ‘പദവി’ എടുത്തു മാറ്റിയാല്‍ വലിയ പ്രഹരമായാണ് മാറുക. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാന ഭരണകൂടത്തിനുള്ള അധികാരം വളരെ വലുതാണ്. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നവര്‍ അതും ഓര്‍ത്തുകൊള്ളണം.
EXPRESS KERALA VIEW