തിരുവനന്തപുരം: കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാര്‍ശം നടത്തിയ കെ.ടി.ജലീൽ എംഎല്‍എക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ഗവര്‍ണര്‍, ഇത്തരമൊരു പരാമർശം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വ്യക്തമാക്കി. പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
വ്യക്തിപരമായി പരാമര്‍ശങ്ങളില്‍ തനിക്ക് വേദനതോന്നുന്നു. അപ്രതീക്ഷിതമോ യാദൃശ്ചികമോ ആയി പോസ്റ്റിനെ കരുതുന്നില്ല. ചരിത്രരേഖകള്‍ പരിശോധിച്ചിട്ടാണോ അജ്ഞതയില്‍ നിന്നാണോ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമല്ല. ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇതിനിടെ കെ.ടി.ജലീല്‍ ഡല്‍ഹിയില്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി നാട്ടില്‍ മടങ്ങിയെത്തി. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നോര്‍ക്ക സംഘടിപ്പി നിയമസഭാസമിതി യോഗത്തിലും ജലീല്‍ പങ്കെടുക്കില്ല. ഞായറാഴ്ച രാവിലെയാണ് ജലീല്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഡല്‍ഹിയില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ ജലീലിനെതിരെ പ്രതിഷേധം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹം പരിപാടികള്‍ റദ്ദാക്കി ഞായറാഴ്ച പുലര്‍ച്ചെതന്നെ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വിമാനം കയറിയതെന്നാണ് സൂചന.
വീട്ടില്‍ നിന്ന് വിളിച്ചതിനെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുന്‍ മന്ത്രിയുടെ നിയമസഭാ സമിതി അധ്യക്ഷനുമായ എ.സി.മൊയ്തീന്‍ പറഞ്ഞു. കശ്മീരുമായി ബന്ധപ്പെട്ട് സിപിഎമ്മിന് വ്യക്തമായ അഭിപ്രായമുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും യോജിക്കുന്ന നിലാപാടാണ് തങ്ങള്‍ സ്വീകരിക്കാറുള്ളതെന്നും മൊയ്തീന്‍ വ്യക്തമാക്കി.