പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കെ ടി ജലീലിന്റെ ഇടപെടല്‍; ഗവര്‍ണര്‍ വിശദീകരണം തേടി

Kt Jaleel

തിരുവനന്തപുരം : പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട സംഭവത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. മന്ത്രി പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് നിര്‍ദ്ദേശം നല്‍കിയ നടപടിയില്‍ സാങ്കേതിക സര്‍വ്വകലാശാലയോട് രാജ്ഭവന്‍ വിശദീകരണം തേടി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റിയുടെ പരാതി പരിഗണിച്ചാണ് ഇടപെടല്‍.

പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം ഇരുപത്തിയൊന്നിനാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്. അദാലത്തില്‍ പ്രത്യേക കേസായി പരിഗണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതമായിരുന്നു പരാതി.

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശ്രീഹരിക്ക് വേണ്ടി മന്ത്രി ജലീല്‍ ഇടപെട്ടുവെന്നാണ് ആരോപണം. അഞ്ചാം സെമസ്റ്റര്‍ ഡൈനാമിക്‌സ് ഓഫ് മെഷനറീസ് പരീക്ഷക്ക് ശ്രീഹരിക്ക് ആദ്യം ലഭിച്ചത് 29 മാര്‍ക്ക് ആയിരുന്നു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ശേഷം 32 മാര്‍ക്ക് കിട്ടിയെങ്കിലും ജയിക്കാന്‍ വേണ്ടത് 45 മാര്‍ക്ക് ആയിരുന്നു. വീണ്ടും മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല മറുപടി നല്‍കി. തുടര്‍ന്നാണ് മന്ത്രിയെ നേരിട്ട് സമീപിച്ചത്.

2018 ഫെബ്രുവരി 27ന് ചേര്‍ന്ന അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ നേരിട്ട് പങ്കെടുത്തു. വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ നടന്ന പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ 32 മാര്‍ക്ക് 48 ആയി കൂടി. തോറ്റ പേപ്പറില്‍ ശ്രീഹരി ജയിക്കുകയും ചെയ്തു. എന്നാല്‍ മാനുഷിക പരിഗണന കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപെട്ടതെന്നാണ് മന്ത്രി നല്‍കിയ വിശദീകരണം. മറ്റെല്ലാം വിഷയങ്ങളിലും ഉയര്‍ന്ന മാര്‍ക്ക് കിട്ടിയതും പരിഗണിച്ചാണ് നിര്‍ദ്ദേശമെന്നും കെടി ജലീല്‍ വ്യക്തമാക്കിയിരുന്നു.

സാങ്കേതിക സര്‍വകലാശാലയും ക്രമക്കേടിന് കൂട്ടു നിന്നെന്ന് കണ്ടെത്തിയിരുന്നു. പുനര്‍മൂല്യനിര്‍ണ്ണയം നടത്തി ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടിയില്‍ സാങ്കേതിക സര്‍വ്വകലാശാല ഡാറ്റാബേസിലും മാറ്റം വരുത്തിയെന്നായിരുന്നു കണ്ടെത്തല്‍.

Top