മിസോറാം ഗവര്‍ണര്‍ കുമ്മനം ഇനി മുതല്‍ ഡോക്‌ടര്‍ കുമ്മനം രാജശേഖരന്‍

kummanam

തിരുവനന്തപുരം: പ്രമുഖ ബി.ജെ.പി നേതാവും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാലയുടേതാണ് തീരുമാനം.

സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മിക രംഗങ്ങളില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് കുമ്മനത്തിന് ഡിലിറ്റ് ബിരുദം നല്‍കാന്‍ തീരുമാനിച്ചതെന്ന് സര്‍വ്വകലാശാലയുടെ മേല്‍നോട്ടമുള്ള രാജസ്ഥാനി സേവാ സംഘിന്റെ ചെയര്‍പേഴ്‌സണ്‍ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കി.

മിസോറാം ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് കുമ്മനം രാജശേഖരന്റെ ഡോക്ടറേറ്റ് ബിരുദത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സര്‍വ്വകലാശാല കാമ്പസില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നല്‍കും.

മിസോറാം സംസ്ഥാനത്തിന്റെ സംസ്ഥാനത്തിന്റെ പതിനെട്ടാം ഗവര്‍ണറാണ് കുമ്മനം രാജശേഖരന്‍. ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മലയാളിയും. വക്കം പുരുഷോത്തമനും മിസോറാമില്‍ ഗവര്‍ണറായി ചുമതലയേറ്റിരുന്നു. കേരളത്തില്‍ ബിജെപി അധ്യക്ഷനായിരുന്ന കുമ്മനത്തെ 2018 മെയ് 29നാണ് മിസോറം ഗവര്‍ണറായി നിയമിച്ചത്. ലഫ്.ജനറല്‍ (റിട്ട) നിര്‍ഭയ് ശര്‍മ വിരമിച്ച ഒഴിവിലാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്.

Top