കണ്ണൂർ വി സിക്കെതിരെ ഗുരുതര ആരോപണവുമായി ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂർ വി സി ക്രിമിനലാണെന്നും ദില്ലിയിലാണ് ഗൂഢാലോചന നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. കായികമായി നേരിടാന്‍ വിസി എല്ലാ സഹായവും ചെയ്തുവെന്നും ഗവര്‍ണര്‍ പറഞ്ഞു. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍, തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും കൂട്ടിച്ചേര്‍ത്തു. മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വി സി ലംഘിച്ചുവെന്നും പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നടപടികള്‍ നിയമാനുസൃതമായിരിക്കുമെന്നും വിസിക്കെതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സർവ്വകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് ഗവർണർ. പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വി സിക്കെതിരെ ഉടൻ നടപടിയിലേക്ക് നീങ്ങും. വിസിക്ക് ഷോ കോസ് നോട്ടീസ് ഉടൻ നല്കി നടപടിയിലേക്ക് പോകും എന്നാണ് വിവരം. പ്രിയ വർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേയ്‌ക്കെതിരെ സർവകലാശാലയുടെ നിയമ നടപടിയും രാജ് ഭവൻ നിരീക്ഷിക്കുന്നുണ്ട്. സ്റ്റേ നടപടിയില്‍ ഗവർണർക്കെതിരെ വി സി അപ്പീൽ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും അപ്പീൽ നില നിൽക്കുമോ എന്ന സംശയം ഉയരുന്നുണ്ട്. നിയമനടപടി സ്വീകരിക്കാൻ സിന്റികേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീൽ പോകുന്നത് കൂടുതൽ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം.

Top