ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് പ്രതിപക്ഷം; പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ച് വിളിക്കണമെന്ന് പ്രതിപക്ഷം. നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കി.

നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാട് വച്ച് പൊറുപ്പിക്കാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സംസ്ഥാന നിയമസഭ ഇതിന് മുമ്പും പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നമാണ് പൗരത്വ നിയമത്തിനെതിരായ പ്രമേയത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നത്. നിയമസഭ പ്രമേയം പാസാക്കിയ നടപടി ചട്ടവിരുദ്ധവും തെറ്റുമാണെന്ന ഗവര്‍ണറുടെ നിലപാട് അനുചിതമാണെന്നും ചെന്നിത്തല പറഞ്ഞു.

സ്പീക്കറുടെ അനുമതിയോടെയാണ് നിയമസഭ പ്രമേയം പരിഗണനക്ക് എടുത്തതും ഐക്യകണ്‌ഠേന പാസാക്കിയും. അത് കേരളത്തിലെ ജനങ്ങളുടെ വികാരമാണ്- ചെന്നിത്തല വ്യക്തമാക്കി.

കേരള നിയമസഭയുടെ ഭാഗമായ ഗവര്‍ണര്‍ പ്രമേയത്തെ തള്ളിയും നിയമസഭാ നടപടിയെ അവഹേളിച്ചതും തെറ്റാണ്. അതൃപ്തിയുണ്ടെങ്കില്‍ അത് ഗവര്‍ണര്‍ സ്പീക്കറെ രേഖാമൂലം അറിയിക്കണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.

നിയമസഭയേയും സര്‍ക്കാരിനെയും ഇത്രമേല്‍ അവഹേളിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അതിശയമാണെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭയമാണെന്നാണ് തോന്നുന്നതെന്നും പറഞ്ഞു.

Top