നിലപാട് കടുപ്പിച്ച് കേരള ഗവർണ്ണർ, സർക്കാർ നീക്കം നിർണ്ണായകമാകും

കേന്ദ്ര സര്‍ക്കാറിന്റെയും രണ്ട് ഗവര്‍ണര്‍മാരുടെയും ഭാഗത്ത് നിന്നും അസാധാരണമായ നീക്കമാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒന്ന് ബംഗാളിലെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയ നടപടിയാണ്. രണ്ടാമത്തേത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഐ.ജിയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട സംഭവമാണ്. രണ്ട് സംസ്ഥാന ഭരണകൂടങ്ങളും ബി.ജെ.പിയുടെ കണ്ണിലെ കരടായതിനാല്‍ കേന്ദ്രത്തിന്റെ ഈ നീക്കത്തെ ഗൗരവമായാണ് വിലയിരുത്തേണ്ടത്.

മമത ബാനര്‍ജി സര്‍ക്കാറിനെ പിരിച്ച് വിട്ട് ഒരു സഹതാപ തരംഗം അവര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്ന ബുദ്ധിമോശം കേന്ദ്ര സര്‍ക്കാര്‍ കാണിക്കില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് കേന്ദ്രത്തിന് ബോധ്യപ്പെടാന്‍ ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷന് നേരെ തന്നെ ആക്രമണം വേണ്ടിവന്നു. മുന്‍പ് അമിത് ഷാ അദ്ധ്യക്ഷനായിരിക്കുമ്പോഴും സമാന ആക്രമണം നടന്നിരുന്നു. ഈ അനുഭവം കൂടി കണക്കിലെടുത്താണ് അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയം തന്നെ ഇപ്പോള്‍ മമതയെ തിരുത്താന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ബംഗാളില്‍ ക്രമസമാധാനനില തകരാറിലാണെന്ന് ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.

ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹനത്തിനു നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ സന്ദര്‍ശിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 10നാണ് ബംഗാളില്‍ ജെപി നഡ്ഡ, കൈലാഷ് വിജയ് വര്‍ഗിയ, ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണറോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്നാണ് സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണെന്ന് കാട്ടി ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം അക്രമം നടത്തി സര്‍ക്കാറിനെ പിരിച്ച് വിടാനുള്ള നീക്കമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് നടത്തുന്നതെന്ന ആരോപണവും ഇതിനകം ശക്തമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ തുടര്‍ നടപടിയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിലവില്‍ ഉറ്റു നോക്കുന്നത്. മമതയുടെ ഭരണത്തിന്‍ കീഴിലല്ല ഗവര്‍ണ്ണര്‍ ഭരണത്തിന്‍ കീഴിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടതെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലും ഇപ്പോള്‍ വിവാദമായിട്ടുണ്ട്. മുന്‍ മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കുന്ന കാര്യത്തിലാണ് ഗവര്‍ണ്ണര്‍ ഉടക്ക് വച്ചിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് വിജിലന്‍സ് ഐ.ജിയോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അസാധാരണ നടപടിയായാണ് ഭരണപക്ഷം കാണുന്നത്.

അതേസമയം സ്പീക്കറുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് വിജിലന്‍സിന്റെ തീരുമാനം. കെ.പി.സി.സി അധ്യക്ഷനായിരിക്കെ ചെന്നിത്തല വാങ്ങിയ കൈക്കൂലി സംബന്ധമായ ആരോപണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശമാണ് സര്‍ക്കാറിന് കിട്ടിയിരിക്കുന്നത്. മുന്‍ മന്ത്രിമാരായ കെ.ബാബുവിന്റെയും വി.എസ് ശിവകുമാറിന്റെയും കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വരെ കാക്കുമെങ്കിലും രാഷ്ട്രീയ പ്രേരിതമാണ് നീക്കമെന്ന് കണ്ടാല്‍ പരസ്യമായി പ്രതികരിക്കുവാന്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ നീക്കം.

കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അബ്ദുള്ളക്കുട്ടി വഴി കേന്ദ്രവുമായുള്ള ബന്ധവും ഇടതു നേതാക്കള്‍ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ പിണറായി സര്‍ക്കാരിനെതിരെ ബി.ജെ.പി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനൊപ്പം ശക്തമായ കടന്നാക്രമണമാണ് രമേശ് ചെന്നിത്തലയും നടത്തുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാലും വേണ്ടില്ല, ഇടതുപക്ഷം വരരുതെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും ആഗ്രഹിക്കുന്നത്. ഇത്തവണ യു.ഡി.എഫ് വന്നാല്‍ അടുത്ത തവണ കേരളം പിടിക്കാം എന്നതാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍.

Top