വിവാദമായ കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ല് ഗവര്‍ണര്‍ തള്ളി

pinarayi_sada

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്ല് ഗവര്‍ണര്‍ പി സദാശിവം തളളി. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന പ്രത്യേകാധികാരം വെച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബില്ല് നിലനില്‍ക്കുന്നതല്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെ ബില്ലില്‍ ഒപ്പുവെയ്ക്കാതെ ഗവര്‍ണര്‍ തിരിച്ചയക്കുകയായിരുന്നു.

ബില്ലിനാധാരമായ ഓര്‍ഡിനന്‍സ് സുപ്രീംകോടതി തടഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് അവഗണിച്ചാണ് സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.ബില്ല് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ചയാണ്‌
നിയമസെക്രട്ടറി ഗവര്‍ണര്‍ക്ക് ബില്ല് നല്‍കിയത്.

ഭരണഘടനയുടെ 200-ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി.ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പോടെയാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നത്. ബില്ലുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന കുറിപ്പായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടേത്.

180 വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പ്രവേശനം ക്രമപ്പെടുത്താന്‍ ഭരണ – പ്രതിപക്ഷ ഐക്യത്തോടെ കൊണ്ടുവന്ന ബില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരുന്നത് സര്‍ക്കാരിന് തിരിച്ചടിയായി.

Top