തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓര്‍ഡിനന്‍സിലൂടെ പിന്‍വലിച്ചു. 118 എ വകുപ്പ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്.
വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ നിയമ ഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നുമുള്ള അഭിപ്രായവും സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തു. സംശയങ്ങളും ആശങ്കകളും ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
നിയമ ഭേദഗതിയില്‍ നടപടി എടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചിരുന്നു. പരാതി കിട്ടിയാല്‍ ഉടനെ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് ഡിജിപിയുടെ സര്‍ക്കുലറില്‍ പറഞ്ഞത്. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികള്‍ ലഭിച്ചാല്‍ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കിട്ടിയ ശേഷമേ തുടര്‍ നടപടി പാടുള്ളൂവെന്നും ഡിജിപി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കാണ് ഡിജിപി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയത്.