കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ വച്ച ബാനറുകൾ പൊലീസിനെ കൊണ്ട് അഴിപ്പിച്ച് ഗവർണർ

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ചിരുന്ന 3 കൂറ്റൻ ബാനറുകൾ പൊലീസ് അഴിച്ചു നീക്കി. ഇന്ന് ഉച്ചയ്ക്ക് ബാനറുകൾ അഴിച്ചു നീക്കാൻ ഗവർണർ നിർദേശിച്ചിരുന്നു. വൈകിട്ട് നടക്കാൻ ഇറങ്ങിയ സമയത്തും ബാനറുകൾ നീക്കിയിട്ടില്ലെന്നു കണ്ട ഗവർണർ മലപ്പുറം എസ്പിയോട് കയർത്തു. ഇതിനെത്തുടർന്ന്, എസ്പിയും പൊലീസുകാരും ചേർന്ന് 3 ബാനറുകളും അഴിച്ചു നീക്കുകയായിരുന്നു.

ഇതിനിടെ, ബാനറുകൾ നീക്കാൻ അനുവദിക്കില്ലെന്നും ഒരു ബാനർ നീക്കിയാൽ 100 ബാനറുകൾ ഉയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വെല്ലുവിളിച്ചു. നാടകീയ സംഭവങ്ങൾക്കു പിന്നാലെ വൈസ് ചാൻസലർ എം.കെ.ജയരാജിനെ ഗവർണർ ഗസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ സുരക്ഷ ശക്തമാക്കി. പ്രധാന കവാടം പൂർണമായും പൊലീസ് ബന്തവസ്സിൽ.

‘‘ഈ ബാനർ ഇപ്പോൾ നീക്കം ചെയ്തില്ലെങ്കിൽ ഞാനിപ്പോൾ ഇവിടെനിന്ന് പോകും. നിങ്ങളാകും അതിന് ഉത്തരവാദി. ആരും എന്റെ പിന്തുടരേണ്ട ആവശ്യമില്ല. നിങ്ങൾ തന്നെ അവിടെ പോയി ബാനർ മാറ്റണം. മുഖ്യമന്ത്രി ഇതുപോലെ നിങ്ങളെ ഓർമിപ്പിക്കാൻ വരുമോ? മുഖ്യമന്ത്രിയാണ് ഇവിടെ താമസിച്ചതെങ്കിൽ നിങ്ങൾ ഇതിന് അനുവദിക്കുമോ. ഇപ്പോൾ തന്നെ ഇതു നീക്കണം, അല്ലെങ്കിൽ മൂന്നു–നാലു മാസം നിങ്ങൾ ഇതിന് മറുപടി പറയേണ്ടി വരും. നിങ്ങൾക്ക് ഇതൊന്നും കാണാൻ കണ്ണില്ലേ..’ എസ്പിയോട് കയർത്തു കൊണ്ട് ഗവർണർ ചോദിച്ചു. തുടർന്നാണ് എസ്പി ചെന്ന് ബാനർ അഴിച്ചുമാറ്റിയത്.

ഇന്നു രാവിലെയും ഉച്ചയ്ക്കും തനിക്കെതിരെ സ്ഥാപിച്ച ബാനർ മാറ്റാൻ നിർദേശം നൽകിയെങ്കിലും അത് ചെയ്യാതിരുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. തുടർന്ന് വൈകിട്ട് ആറേ മുക്കാലോടെ ഗവർണർ വീണ്ടും ക്യാംപസിനുള്ളിലെ റോഡിലൂടെ ഇറങ്ങിനടന്ന് പൊലീസിനോട് കയർത്ത് ബാനർ നീക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് പൊലീസിനെ കൊണ്ട് ബാനർ അഴിപ്പിച്ചു.

‘സംഘി ചാൻസലർ വാപസ് ജാവോ’ എന്നെഴുതിയിരുന്ന ബാനറാണ് ഗവർണർക്കെതിരെ കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ സ്ഥാപിച്ചത്. ഇത്തരത്തിൽ നിരവധി ബാനറുകൾ ക്യാപംസിൽ സ്ഥാപിച്ചിരുന്നു. ഇവയെല്ലാം കണ്ട് കുപിതനായ ഗവർണർ ഉടനടി നീക്കാൻ നിർദ്ദേശം നൽകി. എന്നാൽ ഇത് സർവകലാശാല വിസിയുടെ അധീനതയിലുള്ള കാര്യമാണെന്നു പറഞ്ഞ് പൊലീസ് നടപടിയെടുത്തില്ല. ഇതാണ് ഗവർണറെ കൂടുതൽ ചൊടിപ്പിച്ചത്.

സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ സമരമുഖത്തുള്ള എസ്എഫ്ഐ പ്രവർത്തകരാണ് ക്യാംപസിൽ ബാനറുകൾ സ്ഥാപിച്ചത്. എസ്എഫ്ഐയെ വെല്ലുവിളിച്ച് ക്യാംപസിലെ ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന ഗവർണർ, രാവിലെ റോഡിലൂടെ ഇറങ്ങി നടന്ന് തനിക്കെതിരായ ബാനറുകൾ ഉദ്യോഗസ്ഥർക്കു കാട്ടിക്കൊടുത്തു. സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലറോട് (വിസി) വിശദീകരണം ചോദിക്കണമെന്ന് രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ നിർദേശിച്ചിരുന്നു.

Top