ന്യൂഡല്‍ഹി: പിഡിപി-ബിജെപി സഖ്യം വേര്‍പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മുകശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു.
മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ഇന്നലെ തന്നെ കേന്ദ്ര ആഭ്യന്തര മന്താലയത്തിന് നല്‍കിയിരുന്നു. മന്ത്രാലയം ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്. ഇതോടെ ജമ്മു കശ്മീരില്‍ എട്ടാം തവണയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്.
ജമ്മുകശ്മീരിലെ പി.ഡി.പി.-ബി.ജെ.പി. സഖ്യത്തില്‍നിന്നു പിന്മാറുകയാണെന്നും പിന്തുണ പിന്‍വലിക്കുകയാണെന്നും ചൊവ്വാഴ്ച ഉച്ചയോടെ ബി.ജെ.പി. നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് മൂന്നുവര്‍ഷമായി തുടരുന്ന സഖ്യസര്‍ക്കാരിന് അന്ത്യമായത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനം മെഹബൂബ മുഫ്തി രാജിവെച്ചിരുന്നു. ബിജെപി മന്ത്രിമാരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തിരുന്നു.
കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും കൂടിയെന്നും, മൂന്ന് വര്‍ഷമായുള്ള ബന്ധം ഇനി തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്നും ബിജെപി നേതാവ് രാംമാധവ് പറഞ്ഞു.
2014 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപീകരിച്ചത്. 89 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. മറ്റുള്ളവര്‍ 36 ആണ്.
ജമ്മു കശ്മീരില്‍നിന്നുള്ള ബിജെപി എംഎല്‍എമാരുടെ യോഗത്തിനുശേഷമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍ എംഎല്‍എമാരുടെ യോഗം നടന്നത്.
റമദാനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, കശ്മീര്‍ വിഷയം പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്രം വിഘടനവാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചിരുന്നതും. ഇതും ഇരു പാര്‍ട്ടികള്‍ക്കിടയിലെ വിടവ് വര്‍ധിപ്പിച്ചു.