96 കണ്ടിറങ്ങിയവരാരും റാമിനേയും ജാനുവിനേയും മറക്കില്ല. ആ പ്രണയം അത്രത്തോളം നെഞ്ചിലേറ്റിയാണ് ഒരോ പ്രേഷകനും തിയറ്റര്‍ വിട്ട് ഇറങ്ങിയത്. ആ പ്രണയ ജോഡികളെ പോലെ മനസില്‍ നിന്ന് മായാത്തതാണ് അതിലെ ഒരോ പാട്ടും. പാട്ടിനെ സ്‌നേഹിക്കുന്ന എല്ലാവരും ഇന്നും മൂളിനടക്കുന്ന ഗാനമാണ് 96ലേത്. അതു പോല തന്നെ സിനിമ കണ്ടിറങ്ങിയ പലരും മൂളി നടന്ന മറ്റു ചില ഈണങ്ങള്‍ കൂടിയുണ്ട്. സിനിമയിലെ നായിക ക്ലാസ്‌റൂം ഇടവേളകളില്‍ പാടുന്ന തൊണ്ണൂറുകളിലെ ഇളയരാജ ഹിറ്റുകളിലെ ചിലത്.
എന്നാല്‍ തന്റെ ഗാനം സിനിമയില്‍ ചേര്‍ത്തതിനെതിരെ ഇളയാജ രംഗത്ത് വന്നിരുന്നു. യുവ സംഗീത സംവിധായകര്‍ക്കെതിരെയായിരുന്നു ഇളയരാജയുടെ വിമര്‍ശനം. ഒരു പ്രത്യേക കാലഘട്ടത്തെ പാട്ടുകളിലൂടെ കാണിക്കണമെങ്കില്‍ അക്കാലത്തെ ഹിറ്റുകള്‍ക്ക് പിന്നാലെ പോവുകയല്ല വേണ്ടതെന്നും മറിച്ച് അതേ കാലത്തേത് എന്നു തോന്നിക്കുന്ന പുതിയ ഈണങ്ങളുണ്ടാക്കുകയാണ് വേണ്ടതെന്നും ഇളയരാജ പറഞ്ഞു.
ഇപ്പോള്‍ ഇളയരാജയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത രംഗത്ത് വന്നിരിക്കുകയാണ്. പക്ഷേ വാക്കുകള്‍ കൊണ്ടല്ല ഗോവിന്ദിന്റെ മറുപടി. വാക്കുകള്‍ക്ക് പകരം ”സുന്ദരി കണ്ണാല്‍ ഒരു സെയ്തി…” എന്ന ഗാനം വയലിനില്‍ വായിച്ചാണ് ഗോവിന്ദ് ഇളയരാജയുടെ വാക്കുകളോട് പ്രതികരിച്ചിരിക്കുന്നത്.
Forever Fan!!#Ilayaraja #IsaiGnani #thalapathi #Rajinikanth pic.twitter.com/ALyLB7f9eA
— Govind Vasantha (@govind_vasantha) May 29, 2019
‘എല്ലായ്പ്പോഴും ആരാധകന്‍, ഇളയരാജാ, ഇസൈജ്ഞാനി, ദളപതി, രജനികാന്ത്’- എന്നും പാട്ടിനൊപ്പം ഗോവിന്ദ് കുറിച്ചു. ഗോവിന്ദിന് അഭിനന്ദനവുമായി ഒരുപാട് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.