കൊച്ചി: എറണാകുളം ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കർമ്മ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി എംബി രാജേഷാണ് കർമ്മ പദ്ധതി പ്രഖ്യാപിച്ചത്. മാർച്ച് 11ന് ആരംഭിക്കുന്ന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്ന് മാസത്തോളം നീണ്ടു നിൽക്കുന്ന ഏഴിന കർമ്മ പദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് സമയക്രമം നിശ്ചയിച്ചത്. ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യമെത്തുന്നത് കുറക്കുകയാണ് ലക്ഷ്യം. പ്ലാന്റിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ ശക്തമായി നടപ്പാക്കാനാണ് തീരുമാനം. ഇക്കാര്യം പ്രഖ്യാപിച്ചത്. വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉറവിട മാലിന്യ സംസ്‌കരണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് മാസ്റ്റർ പ്ലാൻ. ഏപ്രിൽ പത്തിനകം ജില്ലയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഇതിന് വേണ്ട സംവിധാനം ഏർപ്പെടുത്തണമെന്ന് ജനപ്രതിനിധികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഇത് നടപ്പാക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ ചട്ടപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു. ഫഌറ്റുകളിലും ഗേറ്റഡ് കോളനികളിലും ഉൾപ്പടെ പദ്ധതി നടപ്പാക്കും. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി വിജിലൻസ് പരിശോധയും ജനകീയ ഓഡിറ്റിങ്ങും ഉൾപ്പടെയുള്ള സംവിധാനങ്ങളും നടപ്പാക്കും.
ഉറവിട മാലിന്യ സംസ്‌കരണം, വാതിൽപ്പടി സേവനം, മാലിന്യങ്ങളുടെ സംഭരണത്തിനും നിർമാർജനവും, ശുചിമുറി മാലിന്യ സംസ്‌കരണം, പൊതുസ്ഥലത്ത് നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയവയാണ് കർമ്മ പദ്ധതിയിലുള്ളത്. ഇതിനോടകം പുരോഗതികൾ വിലയിരുത്തിന്നതും നടപടികൾ കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും വാർ റൂമുകളും ഒരുക്കും. കലക്ടറേറ്റിൽ ജില്ലാതല വാർ റൂമും അതാത് തദ്ദേശ സ്ഥാപനങ്ങളിൽ പ്രാദേശിക വാർ റൂമും തയാറാക്കും.
പൊതു സ്ഥലങ്ങളിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഹരിത കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകൾ, യുവജന ക്ലബുകൾ, എന്നിവയുമായി സഹകരിച്ചാകും പ്രവർത്തനങ്ങൾ. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തിയായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾ. ഇതിനായി വാർഡുകളിലും 50 വളന്റിയർമാർ വീതമുള്ള രണ്ട് ക്ലസ്റ്ററുകൾ രൂപീകരിക്കും. ഇതോടൊപ്പം മഴക്കാല പൂർവ്വ ശുചീകരണവും ശക്തമാക്കും. പ്രധാന കേന്ദ്രങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ഇവ ദിവസേന വൃത്തിയാക്കുന്നതിനായി ഹരിത കർമ സേനയെ ചുമതലപ്പെടുത്തും.
മാലിന്യം സംഭരിക്കുന്നതിനുള്ള മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ മാർച്ച് 31നകം സ്ഥാപിക്കണം. മാലിന്യങ്ങൾ അളക്കുന്നതിനുള്ള ത്രാസ്, തരം തിരിച്ച് കയറ്റി വിടുന്ന മാലിന്യത്തിന്റെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിനായി വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവ സജ്ജമായിരിക്കണം.
വാതിൽപ്പടി സേവനം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ഹരിതകർമ്മ സേനയുടെ പ്രവർത്തനം ശക്തമാക്കും. എല്ലാ വാർഡുകളിലും രണ്ട് ഹരിതകർമസേനാംഗങ്ങൾ വീതമുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ഇല്ലാത്ത സ്ഥലങ്ങളിൽ എത്രയും വേഗം ഇതിനുള്ള നടപടികൾ സ്വീകരിക്കണം.
ഹരിത കർമസേനക്ക് യൂസർഫീ നൽകുന്നത് നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് ഉടൻ തന്നെ പ്രാബല്യത്തിൽ വരും കുടിശിക വന്നാൽ വസ്തുനികുതിയോടൊപ്പം പിരിച്ചെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകും.
ശുചിമുറി മാലിന്യ സംസ്‌കരണം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കും. ശേഖരിക്കുന്ന മാലിന്യങ്ങൾ പുറത്തു തള്ളുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. മാലിന്യ സംസ്‌കരണ പ്ലാന്റിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഇത്തരം മാലിന്യങ്ങൾ ശേഖരിക്കുന്ന ലോറികളിൽ ജി.പി.എസ് സംവിധാനം ഒരുക്കും. തിരുവനന്തപുരത്ത് പരീക്ഷിച്ച് വിജയം കണ്ട സംവിധാനമാണിത്.
കർമ്മ പദ്ധതിയുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ കൗൺസിൽ യോഗങ്ങൾ ചേർന്ന് ചർച്ച ചെയ്ത ശേഷം സെക്രട്ടറി മുഖേന ജില്ലാ ഭരണകൂടത്തെ അറിയിക്കണം. ഇതിനായി എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളും നടത്തണമെന്നും മന്ത്രി പറഞ്ഞു.