തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചു. ലോക്ക്ഡൗണിന് ശേഷം പൊതുഗതാഗതം സാധാരണനിലയിലെത്താത്തത് കെഎസ്ആര്‍ടിസിയെ കടുത്ത് പ്രതിസസന്ധിയിലാക്കി. ഈ സഹാചര്യത്തിലാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് വരവും ചെലവും തമ്മിലുള്ള അന്തരം 500 കോടിയായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ സഹായമായ 2000 കോടി നല്‍കും. ഇതോടെ ഈ സാര്‍ക്കാരിന്റെ കാലത്തെ സഹായം 4160 കോടിയാകും. സര്‍ക്കാരിന് കിട്ടാനുള്ള 961 കോടിയുടെ പലിശ എഴുതിത്തള്ളും. 3194 കോടിയുടെ വായ്പ ഓഹരിയാക്കി മാറ്റും.
ജീവനക്കാരിൽ നിന്നു പിടിച്ച് ബാങ്ക്, എൽഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങൾക്കു നൽകാനുള്ള റിക്കവറി കുടിശിക, മെഡിക്കൽ റീഇന്പേഴ്സ്മെന്റ് എന്നിവ നൽകുന്നതിനായി 255 കോടി രൂപ കോർപറേഷനു സർക്കാർ നൽകും. 2016 മുതൽ ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കുടിശിക തുകയാണിത്. ശമ്പള പരിഷ്കരണം വൈകിയതിനാല്‍ ജീവനക്കാര്‍ക്ക് 1500 രൂപ പ്രതിമാസം ഇടക്കാലാശ്വാസം നല്‍കും.
പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ക്ക് പുതുതായി രൂപീകരിക്കുന്ന സബ്സിഡിയറി കമ്പനിയായ സ്വിഫ്റ്റിൽ ഘട്ടം ഘട്ടമായി നിയമിക്കും. സ്കാനിയ, വോൾവോ, ദീർഘദൂര ബസുകൾ, പുതിയതായി കിഫ്ബി വഴി വാങ്ങുന്ന ബസുകൾ തുടങ്ങിയ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക. പുതിയ പാക്കേജ് തൊഴിലാളി സംഘടനകളും മാനേജ്മെന്റുമായി ചര്‍ച്ച നടത്തി ഉടന്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.