മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയ്ക്ക് തലവേദനയായി മാറിയ സഖ്യകക്ഷി ശിവസേന അയോധ്യവിഷയത്തിലും അവര്‍ക്ക് എതിരെ നിലപാട് സ്വീകരിക്കുകയാണ്. ഏറെ കാത്തിരിപ്പിനൊടുവില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച അയോധ്യ വിധിയുടെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാരിന് അവകാശപ്പെടാന്‍ കഴിയില്ലെന്നാണ് ശിവസേന മേധാവി ഉദ്ധവ് താക്കറെ പ്രസ്താവിച്ചത്.
‘അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല. ഇപ്പോള്‍ സുപ്രീം കോടതി വിധി പ്രസ്താവിക്കുമ്പോള്‍ ഇതിന്റെ ക്രെഡിറ്റ് അവര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കില്ല’, ഉദ്ധവ് താക്കറെ മാധ്യമ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയും, സേനയും വടംവലിയിലാണ്. മുഖ്യമന്ത്രി കസേര പങ്കുവെയ്ക്കണമെന്ന ശിവസേനയുടെ കടുംപിടുത്തമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ വിലങ്ങുതടിയായത്.
ഇതോടെ 13ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെയ്ക്കുകയും ചെയ്തു.