അമേരിക്കന്‍ അത്യാധുനിക ഹെലികോപ്റ്റര്‍, സീഹോക് ഇനി ഇന്ത്യന്‍ സേനയ്ക്ക് സ്വന്തം…

ന്യൂഡല്‍ഹി: നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ യുഎസില്‍ നിന്ന് അത്യാധുനിക ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നടപടികള്‍ ഇന്ത്യ പൂര്‍ത്തിയാക്കി. ഉദ്യോഗസ്ഥ തലത്തിലെ കാലതാമസം മൂലം പദ്ധതി ഏറെ നാളായി തടസപ്പെട്ടു കിടക്കുകയായിരുന്നു.

ശത്രു രാജ്യത്തിന്റെ അന്തര്‍വാഹിനികളെ കണ്ടെത്താന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയുള്ള എം.എച്ച്-60ആര്‍ സീഹോക് ഹെലികോപ്പ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. 10.9 കോടി രൂപയാണ് ഒരു ഹെലികോപ്റ്ററിന് ചിലവാകുന്ന തുക. അനുബന്ധ ഉപകരണങ്ങള്‍, സ്പെയര്‍ പാര്‍ട്സുകള്‍, സാങ്കേതിക സഹായം, നവീകരണം തുടങ്ങിയവയുള്‍പ്പെടെയാണ് ഇത്രയും തുക.

24 സീഹോക് ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. യുഎസ് കരസേന ഉപയോഗിക്കുന്ന യു.എച്ച്.60 ഹെലികോപ്റ്ററിന്റെ നാവിക പതിപ്പാണ് എം.എച്ച്-60ആര്‍ സീഹോക്ക്. കപ്പലുകള്‍. അന്തര്‍വാഹിനികള്‍ എന്നിവയെ ആക്രമിച്ച് തകര്‍ക്കാനുള്ള ആയുധങ്ങള്‍ ഇവയിലുണ്ട്. കംപ്യൂട്ടര്‍ അധിഷ്ടിത നിയന്ത്രണ സംവിധാനങ്ങള്‍, സോണാര്‍, റഡാര്‍ എന്നിവ ഉപയോഗിച്ചാണ് അന്തര്‍വാഹിനികളെ കണ്ടെത്തുന്നത്. ഇവയുടെ സഹായത്തോടെ അന്തര്‍വാഹികളുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സാധിക്കും.

വളരെ അധികം നേരം പറക്കാന്‍ സാധിക്കുമെന്നതിനാല്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കും ഇവയെ നിയോഗിക്കാനാകും. റഡാര്‍ ഒഴികെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇതില്‍ നിന്ന് വളരെ പെട്ടന്ന് അഴിച്ചുമാറ്റാനും സാധിക്കും. അതേപോലെ വളരെവേഗം ഘടിപ്പിക്കാനും സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള ശേഷികുറഞ്ഞ ഹെലികോപ്റ്ററുകള്‍ക്ക് പകരക്കാരനായാണ് സിഹോക്ക് എത്തുന്നത്. തുടര്‍ച്ചയായി രണ്ടുമണിക്കൂറിലധികം ആകാശത്ത് പറന്നുനില്‍ക്കാന്‍ സാധിക്കുന്ന സീ ഹോക്കിന് 278 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കും. 14 സൈനികരെ വഹിക്കാന്‍ സാധിക്കും. പരമാവധി 19,000 അടി ഉയരത്തില്‍ ഉയര്‍ന്ന് പറക്കാന്‍ ശേഷിയുള്ളതാണ് ഹെലികോപ്റ്റര്‍.

കുറച്ച് നാള്‍ മുമ്പ് യുഎസില്‍ നിന്ന് ചിനൂക്, അപ്പാഷെ ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങിയിരുന്നു. ഇവയുടെ ആദ്യബാച്ച് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് പുതിയ ഹെലികോപ്റ്ററുകള്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ പോകുന്നത്.

Top