കൊടും തണുപ്പിനെ അതിജീവിക്കാൻ ഇനി സൈനികർക്ക് താപനിയന്ത്രിത പോസ്റ്റുകൾ

ന്യൂഡല്‍ഹി: അതിര്‍ത്തി കാക്കുന്ന സൈന്യത്തെ ‘കാക്കാന്‍’ പുതിയ പ്രതിരോധ കവചവുമായി കേന്ദ്ര സര്‍ക്കാര്‍.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 50 താപ നിയന്ത്രിത പോസ്റ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്രം.

പൂജ്യത്തിലും താഴെ താപനിലയുള്ള ഹിമാലയന്‍ മലനിരകളിലെ പ്രദേശങ്ങളിലാണ് അതിര്‍ത്തി കാക്കുന്ന ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സേനാംഗങ്ങള്‍ സേവനം ചെയ്യുന്നത്. ഇവര്‍ക്കു വേണ്ടിയാണ് പുതിയ താപ നിയന്ത്രിത പോസ്റ്റുകള്‍ സ്ഥാപിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.

ഐടിബിപി സ്ഥാപിതമായതിന്റെ 56-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താപനില കുറഞ്ഞത് 20 ഡിഗ്രിയായി സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയുന്ന പോസ്റ്റുകളാകും പുതിയതായി സ്ഥാപിക്കുക. താപനില താഴുന്നതിനൊപ്പം കനത്ത മഞ്ഞുവീഴ്ചയും ഇവിടങ്ങളില്‍ സൈന്യം നേരിടുന്നുണ്ട്. ഇവിടെ, താപ നിയന്ത്രിത പോസ്റ്റുകള്‍ വരുന്നതോടെ കനത്ത മഞ്ഞു വീഴ്ചയുടെ കാലത്ത് പോസ്റ്റുകള്‍ ഉപേക്ഷിക്കുന്ന പതിവ് ഒഴിവാക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ലഡാക്കിലെ കാരക്കോറം പാസ് മുതല്‍ അരുണാചലിലെ ജാചെപ് ലാ വരെ 3,488 കിലോമീറ്റര്‍ ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ 176 ബോര്‍ഡര്‍ പോസ്റ്റുകളുണ്ട്.

കൂടാതെ സേനയുടെ ശേഷി വര്‍ധിപ്പിക്കാന്‍ മറ്റു പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ അതിര്‍ത്തിയോടു ചേര്‍ന്നു 25 റോഡുകള്‍ നിര്‍മിക്കും. സേനാംഗങ്ങള്‍ക്കു ശീതകാലത്ത് ഉപയോഗിക്കാനായി പ്രത്യേകതരം ലൈറ്റ് വെയ്റ്റ് വസ്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണ്. 9,000 അടിക്കു മുകളില്‍ ജോലി ചെയ്യുന്നവര്‍ക്കു വേണ്ടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയര്‍ന്ന പ്രതലത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്നോ സ്‌കൂട്ടറുകള്‍ നല്‍കാനും കേന്ദ്രത്തിനു പദ്ധതിയുണ്ട്. ഐടിബിപിക്കു വേണ്ടി അതിര്‍ത്തി മേഖലകളുടെ റോഡ്, മൊബൈല്‍, സാറ്റലൈറ്റ് ബന്ധം വര്‍ധിപ്പിക്കാനാണു ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top