പത്മനാഭ ക്ഷേത്ര നിലവറയിലെ അമൂല്യനിധി ജനങ്ങള്‍ക്ക് മുന്നിലേക്ക്; ചിലവ് 300 കോടി

padmanabha

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നീക്കം. 300 കോടി മുടക്കി വന്‍ സുരക്ഷയില്‍ ക്ഷേത്രത്തിനു സമീപത്തു തന്നെ പ്രദര്‍ശനശാലയൊരുക്കി ജനങ്ങള്‍ക്ക് കാഴ്ച വിരുന്നൊരുക്കാനാണ് തീരുമാനം.

നിധിപ്രദര്‍ശനം കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ വിപ്ലവകരമായ കുതിപ്പിനു വഴിയൊരുക്കുമെന്നാണു വിലയിരുത്തല്‍. മറ്റൊരു ലോകാദ്ഭുതമായി മാറാനുള്ള മൂല്യം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിനുണ്ട്. ഇതു സംബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരുമായി ചര്‍ച്ച ചെയ്തു. സുപ്രീം കോടതിയുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും അനുവാദം ലഭിച്ചാല്‍ മാത്രമെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സാധിക്കൂ.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, ട്രിവാന്‍ഡ്രം സിറ്റി കണക്ട്, ട്രിവാന്‍ഡ്രം അജന്‍ഡ ടാസ്‌ക് ഫോഴ്‌സ്, കോണ്‍ഫെഡറഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണു കരടുപദ്ധതിക്കു രൂപംനല്‍കിയത്. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുള്‍പ്പെടെ 300 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകരില്‍ നിന്നു മാത്രം പ്രതിവര്‍ഷം 50 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു.

കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി സംഘടനാഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ സുപ്രീം കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും അനുമതിയുണ്ടെങ്കില്‍ ഫണ്ട് അനുവദിക്കാന്‍ തടസ്സമില്ലെന്ന ഉറപ്പു ലഭിച്ചിരുന്നു.

തുടര്‍ന്ന്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. മറ്റ് അനുമതികള്‍ ലഭിച്ചാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണസഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും സംഘടനാനേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. രാജകുടുംബത്തിന്റെ അനുമതിയോടെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി സുപ്രീം കോടതിയെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും സമീപിക്കാനാണു സംഘടനകളുടെ തീരുമാനം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറു നിലവറകളിലായാണു നിധിശേഖരം സൂക്ഷിച്ചിരിക്കുന്നത്. ബി നിലവറ ഇനിയും തുറന്നിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി ബി നിലവറ ഒഴികെയുള്ളവയിലെ വസ്തുക്കളുടെ മൂല്യനിര്‍ണയം നടത്തിയപ്പോഴാണു നിധിരഹസ്യം ലോകമറിഞ്ഞത്. അതോടെ ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശകരുടെ തിരക്ക് വന്‍തോതില്‍ വര്‍ധിച്ചിരുന്നു.

Top