ബിഹാറില്‍ പുനര്‍വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിമുതല്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. എല്ലാ ജീവനക്കാരും തങ്ങള്‍ വിവാഹിതരാണോ അല്ലയോ എന്ന കാര്യം അറിയിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. പുനർവിവാഹം കഴിക്കാനാഗ്രഹിക്കുന്നവർ വകുപ്പില്‍ നിന്ന് അനുമതി വാങ്ങണം.
ആദ്യ വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിരിക്കണം. ഇതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ പുനര്‍വിവാഹത്തിന് അനുമതി ലഭിക്കുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച ആളിന്റെ മുന്‍ പങ്കാളി എന്തെങ്കിലും എതിര്‍പ്പ് ഉന്നയിച്ചാല്‍ പുനര്‍വിവാഹത്തിന് അനുമതി ലഭിക്കില്ല. അനുമതി നേടാതെ പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ സര്‍വീസിലിരിക്കെ ഈ വ്യക്തി മരണപ്പെട്ടാല്‍ രണ്ടാം ഭാര്യ അല്ലെങ്കിൽ ഭര്‍ത്താവ് അവരുടെ കുട്ടികള്‍ക്ക് ആശ്രിത നിയമനം ലഭിക്കുകയില്ല.
പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ഡിവിഷണല്‍ കമ്മിഷണര്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും ഡിജിപി, ഡിജിപി (ഹോംഗാര്‍ഡ്) ജയില്‍ ജിഡിപി മറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവിമാര്‍ എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്. തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന ഇത്തരം സംഭവങ്ങളില്‍ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.