സാമ്പത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി.

സമ്പൂര്‍ണ്ണ സ്വകാര്യവത്ക്കരണമാണ് ലക്ഷ്യം.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

പ്രതിമാസം 300 കോടി രൂപയാണ് ശമ്പളയിനത്തില്‍ നല്‍കാന്‍ മാത്രം എയര്‍ ഇന്ത്യക്ക് വേണ്ടത്. ഒക്ടോബറിന് ശേഷം ശമ്പളത്തിനും പ്രതിസന്ധിയാകുമെന്നാണ് കണക്കുകൂട്ടല്‍.

ഭീമമായ നഷ്ടം സഹിച്ച് എയര്‍ ഇന്ത്യ സര്‍വീസ് തുടരാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിന് പിന്നാലെയാണ് സ്വകാര്യവത്ക്കരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.

Top